ആസിഫ് അലിക്ക് പരുക്ക്; ചിത്രീകരണം നിർത്തിവച്ചു

0

സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിനിടയിലാണ് താരത്തിന് കാലിൽ പരുക്കേറ്റത്. ആസിഫിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ തിരുവനന്തപുരത്ത് പുരോഗമിക്കുന്നതിനിടെയാണ് അപകടം. സിനിമയിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് കാൽമുട്ടിൽ പരുക്കേറ്റത്. ഉടന്‍തന്നെ താരത്തെ നെയ്യാര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആസിഫിനോട് വിശ്രമം എടുക്കാന്‍ ഡോക്ടർമാർ ആവശ്യപ്പെടുകയായിരുന്നു. ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയ ആസിഫ് ഇപ്പോള്‍ വിശ്രമത്തിലാണ്.

റൊമാന്റിക്ക് ത്രില്ലർ ഗണത്തിൽപെടുന്ന ഈ ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ജുവൽ മേരി, അജു വർഗീസ്, രഞജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നമിത്ത് ആർ. ഓണത്തിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.