അടല്‍ ഘട്ടിലെ പടവുകളിൽ തട്ടി വീണ് പ്രധാനമന്ത്രി; പടി പൊളിക്കാൻ സർക്കാ‍ർ

0

കാണ്‍പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിവീഴാനിടയാക്കിയ പടവുകള്‍ പൊളിച്ചുപണിയാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാ‍ർ. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിലെ പടവുകളാണ് പൊളിച്ചുപണിയാന്‍ തീരുമാനിച്ചത്. പടവുകള്‍ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടി വീഴുന്നതിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ആഴ്ചയിലാണ് ഗംഗാനദിയിലെ ജലത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിനായുള്ള ജലയാത്രയ്ക്കു ശേഷം മടങ്ങുന്നതിനിടെ മോദി പടിക്കെട്ടിൽ തട്ടിവീണത്. പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ഗംഗാ സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹം. നിരവധി പേര്‍ ഈ പടവിന്റെ നിര്‍മാണ പിഴവ് മൂലം നേരത്തെയും വീണിരുന്നു. ഈ പടവ് പൊളിച്ചുമാറ്റി, മറ്റുള്ളവയ്ക്കു സമാനമായ രീതിയില്‍ പുനര്‍നിര്‍മിക്കുമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ സുധീര്‍ എം. ബോബ്‌ഡെ പറഞ്ഞു.

പടവുകള്‍ക്കിടയില്‍ ഇരിക്കുന്നതിനും ആരതി നടത്തുന്നതിനും അല്‍പം സ്ഥലം ലഭ്യമാക്കണമെന്ന് ചില ഭക്തരുടെ ആവശ്യപ്രകാരമാണ്. പടവുകളില്‍ ഒന്ന് വ്യത്യസ്തമായ ഉയരത്തില്‍ നിര്‍മിച്ചതെന്ന് നിര്‍മാണ കമ്പനി വ്യക്തമാക്കുന്നു. ആവശ്യമെങ്കില്‍ പടവുകള്‍ പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ തയ്യാറാണെന്നും കമ്പനി വ്യക്തമാക്കി.