ഡോ. ചൈതന്യ ഉണ്ണിക്ക് വനിത ബിസിനസ് സംരംഭക അവാർഡ്

1

മെൽബൺ: വനിത ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് നൽകുന്ന ‘ഓസ്മംപ്രണർ 2021’ അവാർഡിന് കോഴിക്കോട് സ്വദേശിനി ഡോ. ചൈതന്യ ഉണ്ണി (ഡോ. റ്റാനിയ) തെരഞ്ഞെടുക്കപ്പെട്ടു. ഒരേസമയം അമ്മ എന്ന നിലയിലും ബിസിനസ് സംരംഭക എന്ന നിലയിലും മികവ് പുലർത്തുന്നവരെ ആദരിക്കുന്നതിനാണ് ഓസ്മംപ്രണർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ 23 മുതൽ 25 വരെ സൺഷൈൻ കോസ്റ്റിൽ നടക്കുന്ന ബിസിനസ് കൺവെൻഷനിൽ അവാർഡ് സമ്മാനിക്കും.

ഡോ. ചൈതന്യയും ഭർത്താവ് ഡോ. അമീർ ഹംസയും ചേർന്ന് 2011 ക്വീൻസ്ലാൻഡിലെ ഓർമ്യൂവിൽ തുടക്കമിട്ട ആംറ്റാൻ മെഡിക്കൽ സെന്റർ ഒരു ദശാബ്ദം കൊണ്ട് നിരവധി ശാഖകളുള്ള പ്രസ്ഥാനമായി മുന്നേറിക്കഴിഞ്ഞു. നാൽപതിലധികം ഡോക്ടർമാരാണ് വിവിധ സെന്ററുകളിലായി സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ, ഓസ്ട്രേലിയക്കാർ, മറ്റ് വിവിധ രാജ്യക്കാർ എന്നിവർ ഉൾപ്പെട്ടതാണ് ഡോക്ടർമാരുടെ ടീം.

മെഡിക്കൽ സെന്ററിന് പുറമേ സ്കിൻ ആൻഡ് ബ്യൂട്ടി എന്ന പേരിൽ സൗന്ദര്യ വർധനവിന് വേണ്ടിയുള്ള ത്വക്ക് ചികിത്സാ സെന്ററും ആരംഭിച്ചു. ചൈതന്യ പേറ്റന്റ് നേടി വിപണിയിലിറക്കിയിട്ടുള്ള നിരവധി സൗന്ദര്യവർധക ഉൽപന്നങ്ങൾ മാർക്കറ്റ് കീഴടക്കിയിട്ടുണ്ട്.

പ്രഫഷനൽ രംഗത്തും ബിസിനസ് രംഗത്തും ശ്രദ്ധേയമായ മികവ് പുലർത്തുന്ന ഡോ. ചൈതന്യ, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായശേഷം യുകെയിൽ നിന്ന് ഡെർമറ്റോളജിയിൽ ഉന്നത ബിരുദം നേടിയാണ് 2010ൽ ഓസ്ട്രേലിയയിൽ എത്തിയത്.

2021ലെ ബിസിനസ് വുമൺ ഓഫ് ദ് ഇയർ അവാർഡ്, ബിസിനസ് എക്സലൻസ് അവാർഡ്-2020, ഇന്ത്യൻ – ഓസ്ട്രേലിയൻ ബിസിനസ് ആൻഡ് കമ്യൂണിറ്റി അവാർഡ് എന്നിവയുൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. ബിസിനസ് ന്യൂസ് ഓസ്ട്രേലിയ വർഷം തോറും കണ്ടെത്തുന്ന 100 മികച്ച യുവ സംരംഭകരിൽ ഡോ.അമീർ 2018ൽ 18-ാം സ്ഥാനത്തും ഡോ. ചൈതന്യ 2019ൽ 16-ാം സ്ഥാനത്തും എത്തിയിരുന്നു.

ഭർത്താവ് ഡോ. അമീർ ഹംസയും സ്കൂൾ വിദ്യാർഥികളായ മക്കൾ അർഷാൻ, അർമാൻ എന്നിവരുമൊരുമിച്ച് ക്വീൻസ്‍ലാൻഡിലെ ഗോൾഡ് കോസ്റ്റിലാണ് താമസം. മലയാളത്തിലെ ആദ്യ നോവലിസ്റ്റ് ഒ. ചന്തുമേനോന്റെ അഞ്ചാം തലമുറയിലെ കൊച്ചുമകളായ ഡോ. ചൈതന്യ, മരണപ്പെട്ട സിനിമാതാരം മോനിഷയുടെ മാതാവ് ശ്രീദേവി ഉണ്ണിയുടെ സഹോദര പുത്രിയാണ്.

റോട്ടറി ക്ലബ്ബ് ഉൾപ്പടെ നിരവധി സാമൂഹ്യ സന്നദ്ധ സംഘടനകളിൽ അംഗമായ ചൈതന്യ ലോക കേരള സഭയിൽ ഓസ്ട്രേലിയയിൽ നിന്നുള്ള പ്രതിനിധികളിൽ ഒരാളാണ്. മികച്ച ഗായികയും നർത്തകിയുമായ ചൈതന്യ, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയവയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ‘ഈ തണലിൽ ഇത്തിരിനേരം’ എന്ന സിനിമയിൽ മമ്മുട്ടി – ശോഭന ദമ്പതികളുടെ മകളായി വേഷമിട്ടിട്ടുണ്ട്.