അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനുള്ള ഭൂമി പൂജ ഇന്ന് നടക്കുകയാണ്. ഹൈന്ദവ സംസ്കാരത്തിന് പ്രാമുഖ്യമുള്ള ഭാരതത്തിൽ ഒരു ക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നത് സ്വാഗതാർഹമായ കാര്യം തന്നെയാണ്. എന്നാൽ ഈ ക്ഷേത്ര നിർമ്മാണം അത്തരത്തിലുള്ള ഒരു സംസ്കാരത്തിൻ്റെ തുടർച്ചയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നിർമിതി നടക്കുന്നത്. ഈ നിർമിതിയുടെ പിന്നിലുള്ള ഒരു അപനിർമിതിയുടെ നിർഭാഗ്യകരമായ ചരിത്രം സ്മരണീയമാണ്.

നമ്മുടെ ചരിത്രത്തിൻ്റയും സംസ്കാരത്തിൻ്റെയും ഭാഗമായ നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബറി മസ്ജിദ് തകർത്തുകൊണ്ടാണ് ക്ഷേത്രം പണിയുന്നത് എന്നതാണ് ദൗർഭാഗ്യകരമായ കാര്യം. നമ്മുടെ മഹത്തായ പൈതൃകത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും പ്രതീകമായിരുന്നു ബാബറി മസ്ജിദ് . എന്തിനെയും സ്വാംശീകരിക്കുന്ന ഹൈന്ദവ സംസ്കാരത്തിൻ്റെ, സഹിഷ്ണുതയുടെ അവശേഷിപ്പ് തന്നെയായിരുന്നു ബാബറി മസ്ജിദ് എന്ന ചരിത്ര സ്മാരകം. ബാബറി മസ്ജിദ് തകർക്കുക എന്നതിൻ്റെ പിന്നിലെ യഥാർത്ഥ അജണ്ട നാം നാളിത് വരെ പിൻതുടർന്നിരുന്ന ഒരു സംസ്കാരത്തെയും ജീവിത രീതിയെയും അട്ടിമറിക്കുക എന്ന ഫാഷിസ്റ്റ് ലക്ഷ്യം തന്നെയായിരുന്നു.

അയോദ്ധ്യയിൽ പുതുതായി പണിതുയർത്തുന്ന ക്ഷേത്രം വലിപ്പത്തിൽ ലോകത്തിലെ മൂന്നാമത്തെതായിരിക്കും എന്നാണ് അവകാശപ്പെടുന്നത്. അഭിമാനിക്കാൻ വകയുള്ള കാര്യം തന്നെ. എന്നാൽ തകരുന്നത് മഹത്വത്തിൽ ഒന്നാം സ്ഥാനമുള്ള ഒരു സംസ്കാരത്തിൻ്റെ അടിസ്ഥാനശില തന്നെയാണ്. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ടീയ കക്ഷികളുടെ നിലപാടുകളും സംശയിക്കപ്പെടേണ്ടത് തന്നെയാണ്.

ഇക്കാര്യത്തിലുള്ള ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ദീർഘകാലമായി നമ്മുടെ രാഷ്ട്രത്തിൻ്റെ ഐക്യത്തിന് ഹാനികരമായി നിലനിന്നിരുന്ന ഒരു തർക്ക വിഷയം രമ്യമായി പരിഹരിക്കാനുള്ള ഒരു തീരുമാനമായി കോടതി വിധിയെ പരിഗണിക്കുന്നതിൽ തെറ്റില്ല. എന്നാൽ നിയമ വാഴ്ചയിൽ വിശ്വസിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിലെ കോടതി കാണേണ്ടതും വിലയിരുത്തേണ്ടതും നിയമത്തിൻ്റെ വശങ്ങൾ തന്നെയാണ്.

നീതിയുടെ ദേവതയുടെ കണ്ണുകൾ കെട്ടിയിട്ടിരിക്കുന്നത് ഒന്നും കാണാതിരിക്കാനല്ല. കാഴ്ചകൊണ്ട് നീതി നിഷേധം ഉണ്ടാകാതിരിക്കാനാണ് എന്ന അടിസ്ഥാന കാര്യം ഒരു കോടതിയും മറന്നു പോകരുത്. കോടതിക്ക് മുന്നിലെത്തുന്ന പരിദേവനത്തിലെ യഥാർത്ഥ പ്രശ്നം മറന്നു കൊണ്ട് വിധി നൽകാൻ ഒരു ന്യായാധിപനും അവകാശമില്ല എന്ന യാഥാർത്ഥ്യം മറന്നു പോകരുത്.

ബാബരി മസ്ജിദ് രാമക്ഷേത്ര തർക്ക വിഷയത്തിൽ സുപ്രീം കോടതിയുടെ നിലപാടും വിധിയും ഇതിൻ്റെ അടിസ്ഥാനത്തിൽ പരിശോധിക്കപ്പെടേണ്ടതാണ്‌. ഇനി തർക്ക വിഷയം പുനപരിശോധിക്കിനോ, അല്ലെങ്കിൽ അങ്ങനെ ആവശ്യപ്പെടുന്നതിനോ ഔചിത്യമില്ല. നാം എക്കാലത്തും ഉയർത്തി പിടിച്ച മതസഹിഷ്ണുതയുടെ വിജയപതാക ഇനിയും ഉയരത്തിൽ പറക്കാൻ ഒരു കാര്യം അത്യന്താപേക്ഷിതമാണ്. അയോദ്ധ്യയിലെ പുതിയ ശ്രീരാമ ക്ഷേത്രം സാക്ഷാത്കരിക്കപ്പെടുമ്പോൾ അതേ സമയം തന്നെ പുതിയ മുസ്ലീം പള്ളിയുടെയും പണി പൂർത്തിയാകേണ്ടതുണ്ട്‌.