ഇങ്ങനെയും ഒരു മനുഷ്യൻ

0

കേരളത്തിൻ്റെ വടക്കേ അറ്റത്ത് കാസർഗോഡ് ജില്ലയിലെ ബദിയടുക്കയിലെ കിള്ളിക്കാർ എന്ന പ്രദേശം. അവിടെ പ്രകൃതിയെയും മനുഷ്യരെയും ഒരു പോലെ സ്നേഹിച്ച് ജീവിച്ച ഒരു മനുഷ്യൻ – സായിറാം ഭട്ട് ഇനി നന്മ ചെയ്യാനും സ്നേഹം പങ്കുവെക്കാനും അവിടെയില്ല. അവശേഷിക്കുന്നത് മനുഷ്യ സ്നേഹത്തിൻ്റെ ദീപ്തമായ ഓർമ്മകൾ, ഒപ്പം മാനവികതയുടെ നിത്യസ്മാരകങ്ങളായി മറ്റുള്ളവർക്കായി നിർമ്മിച്ചു കൊടുത്ത ഇരുനൂറിലധികം വീടുകളും.

ഇദ്ദേഹത്തിൻ്റെ സദ് പ്രവൃത്തികൾക്ക് പിന്നിൽ ഒരിക്കൽ പോലും പ്രചരണ സ്വഭാവമോ പ്രശസ്തി ആഗ്രഹിക്കുന്ന മാനസികാവസ്ഥയോ ഉണ്ടായിരുന്നില്ല.സംതൃപ്തമായി ജീവിക്കാനുള്ളതിന് പുറമെയുള്ളതെല്ലാം അന്യരുടെ ദു:ഖം അകറ്റാൻ വേണ്ടി വിനിയോഗിച്ച സായിറാം ഭട്ട് പൊങ്ങച്ചക്കാരുടെ കാലത്ത് ഒരു അതിശയം തന്നെയാണ്.

സ്വന്തമായുള്ള ആറേക്കർ ഭൂമിയിൽ കൃഷി ചെയ്ത് ബാക്കി വരുന്നത് മറ്റുള്ളവർക്കായി ദാനം ചെയ്തു വന്നിരുന്ന സായിറാം ഭട്ട് ചരിത്രത്തിൽ അടയാളപ്പെടുത്തിയത് മങ്ങാത്ത മാനവികതയുടെ നിത്യവസന്തം തന്നെയാണ്. ആസുരമായ വർത്തമാന കാലത്ത് ഇത്തരത്തിലും ജീവിക്കാമെന്ന് കാണിച്ച സായിറാം ഭട്ടിൻ്റെ ആർദ്ര സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ…