ഫിനിക്സ് പക്ഷി ചിറക് വിരിച്ച പോലെ 3,13,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍  ബീജിംഗിലെ പുതിയ എയര്‍പോര്‍ട്ട്

0

കണ്ടാല്‍ ഒരു ബഹിരാകാശ ലോകത്ത് എത്തിയ പോലെ തോന്നും. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ എവിടെയോ എത്തപ്പെട്ട പോലെ. അല്ലെങ്കില്‍ ഒരു ഫിനിക്സ് പക്ഷി ചിറക് വിരിച്ചിരിക്കുന്നത് പോലെ.. പറഞ്ഞു വരുന്നത് ബീജിംഗിലെ ന്യൂ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ കുറിച്ചാണ്. പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ഈ വിമാനത്താവളത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ ചൈനയില്‍ മറ്റു ലോകരാഷ്ട്രങ്ങള്‍ക്കിടയിലും ശ്രദ്ധ നേടി കഴിഞ്ഞു.

ബീജിംഗ് സിറ്റി സെന്ററില്‍ നിന്ന് 32 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ബീജിംഗ് കാപ്പിറ്റല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വളരെയധികം തിരക്കാണുള്ളത്. ഇവിടുത്തെ തിരക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരത്തില്‍ നിന്ന് 46കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന ഈ പുതിയ വിമാനത്താവളം എത്തുന്നത്. 2019 ജൂലൈയോട് കൂടി വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. തുടര്‍ന്ന് 2019 ഒക്ടോബറോടെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പദ്ധതി.

3,13,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടം നിലനില്‍ക്കുന്നത്. നാല് റണ്‍വേകളുള്ള വിമാനത്താവളത്തില്‍ 6,20,000 വിമാനങ്ങള്‍ ഒരു വര്‍ഷം ഉള്‍ക്കൊള്ളും. അതുപോലെ തന്നെ 10 കോടി യാത്രക്കാരേയും 40 ലക്ഷം ടണ്‍ കാര്‍ഗോയും ഒരു വര്‍ഷം കൈകാര്യം ചെയ്യും. ഈ വിമാനത്താവള ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ 79,240 കോടിയാണ് ചിലവായത്. ഭീമാകാരമായ ഒരു പൂവിന്റെ രൂപത്തിലാണ് 3,13,000 വിസ്തീര്‍ണ്ണത്തിലുള്ള ഈ ടെര്‍മിനല്‍. കൂടാതെ പൂന്തോട്ടവും, അലംകൃതമായ വഴികളും പ്രത്യേക യാത്രാ മേഖലകളും ഈ വിമാനത്താവളത്തിലുണ്ട്.

10 കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തില്‍ ആദ്യഘട്ടത്തില്‍ നാല് റണ്‍വേകളിലുമായി 7.2 കോടി യാത്രക്കാരെയാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിമാനത്താവളത്തിലേക്ക് ബെയ്ജിംഗ് ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് 67 കിലോമീറ്റര്‍ ദൂരമുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.