ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു; 3 വിദ്യാർഥികൾ മരിച്ചു

0

തിരുവനന്തപുരം ∙ പേരൂർക്കട–നെടുമങ്ങാട് റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 3 വിദ്യാർഥികൾ മരിച്ചു. വഴയില പെട്രോൾ പമ്പിനു സമീപം വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ നെടുമങ്ങാട് സ്വദേശി സ്റ്റെഫിൻ(16), പേരൂർക്കട സ്വദേശികളായ ബിനീഷ്(16), മുല്ലപ്പൻ(16) എന്നിവരാണ് മരിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചു കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്ന് പാളി സമീപത്തെ കുറ്റിക്കാറ്റിലേക്ക് കയറി മരത്തിൽ ഇടിച്ചുകയറുകയായിരുന്നു.

ബിനീഷും മുല്ലപ്പനും നെടുമങ്ങാട് പോയി സ്റ്റെഫിനെ കൂടി ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. പരുക്കേറ്റ മൂവരെയും ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.