ബുറേവി ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ ഒമ്പത് മരണം

0

ബുറേവി ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിൽ അഞ്ച് മരണം. കടലൂരിൽ 35 വയസുള്ള സ്ത്രീയും 10 വയസ്സുള്ള മകളും മരിച്ചു. വീട് തകർന്ന് ദേഹത്ത് വീണായിരുന്നു മരണം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീ ചികിത്സയിലാണ്. പുതുക്കോട്ടെയിൽ വീട് തകർന്ന് ഒരു സ്ത്രീ മരിച്ചു. കാഞ്ചീപുരത്ത് നദിയിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. ചെന്നൈയിൽ വെള്ളക്കെട്ടില്‍ നിന്ന് വൈദുതാഘാതമേറ്റ് ഒരു യുവാവും തഞ്ചാവൂരിൽ 40 വയസ്സുള്ള സ്ത്രീയും മരിച്ചു. കടലൂരിൽ മരം വീണ് യുവതി മരിച്ചു.

ബുറേവി തീവ്ര ന്യൂനമർദമായതോടെ തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. കടലൂരും ചിദംബരത്തും കടൽക്ഷോഭം രൂക്ഷമായി. ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. പുതുച്ചേരി തീരത്തും മഴ ശക്തമായി. മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവില്‍ രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റർ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിലോമീറ്റർ ദൂരത്തിലുമാണ് ബുറേവിയുടെ സ്ഥാനം.

ബുറേവി ചുഴലിക്കാറ്റിന്‍റെ ത്രീവ്രത കുറഞ്ഞെങ്കിലും കേരളത്തില്‍ ജാഗ്രത തുടരും. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്‌നാട്ടിൽ വെച്ച് തന്നെ ന്യൂനമർദത്തിലെ കാറ്റിൻ്റെ വേഗത മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗത മാത്രമായി മാറാനാണ് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇന്ന് രാത്രി മുതൽ 12 മണിക്കൂർ നേരത്തേക്ക് തെക്കൻ കേരളത്തിൽ മണിക്കൂറിൽ ഏകദേശം 35 മുതൽ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. അതേസമയം, മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം സംസ്ഥാനത്ത് തുടരും.