ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന: സിബി മാത്യൂസ് അടക്കം 18 പ്രതികൾ

0

തിരുവനന്തപുരം: ഐഎസ്ആർഒ ചാരകേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബി മാത്യൂസും ആര്‍ ബി ശ്രീകുമാറും പ്രതികള്‍. കേസിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. കേരളാ പൊലീസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

ചാരക്കേസില്‍ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതിയാണ് നിര്‍ദേശം നല്‍കിയത്. പേട്ട സിഐ ആയിരുന്ന എസ്.വിജയനാണ് ഒന്നാം പ്രതി. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് സിബിഐയുടെ നടപടി. ഈ എഫ്ഐആർ അനുസരിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് സിബിഐ വ്യക്തമാക്കി.