ഹലാല്‍ വിവാദം ക്രിക്കറ്റിലേക്കും; ഇന്ത്യന്‍ ടീമിന് ഹലാല്‍ മാംസം നിര്‍ബന്ധമാക്കി ബിസിസിഐ

0

ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഭക്ഷണ മെനു പുറത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറ്റ് പ്ലാനില്‍ ‘ഹലാല്‍ മാംസം’ ബിസിസിഐ നിര്‍ബന്ധമാക്കി. താരങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ ഡയറ്റ് പ്ലാനിലാണ് ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയിരിക്കുന്നത്. കൂടാതെ ഹലാല്‍ ആയാല്‍പ്പോലും താരങ്ങള്‍ക്ക് പോര്‍ക്കും ബീഫും കഴിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

ഇന്ത്യയുടെ വരാന്‍ പോകുന്ന വിദേശ പര്യടനത്തിനും ഐസിസി ടൂര്‍ണമെന്റുകള്‍ക്കും മുന്നോടിയായാണ് പുതയ ഡയറ്റ് പ്ലാന്‍ പ്രഖ്യാപിച്ചത്. പരമാവധി ഡയറ്റില്‍ മാംസം ഒഴിവാക്കാനും മാംസം നിര്‍ബന്ധമായി വേണ്ടവര്‍ ഹലാല്‍ മാംസം മാത്രമേ ഉപയോഗിക്കാവൂയെന്നുമാണ് നിര്‍ദേശം.

യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ബിസിസിഐ താരങ്ങളുടെ ഡയറ്റ് പ്ലാനില്‍ മാറ്റം വരുത്താന്‍ തീരുമാനമെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫിറ്റ്‌നസിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ടീമുകളില്‍ ഒന്നാണ് ഇന്ത്യ. വിരാട് കോഹ്ലി ക്യാപ്റ്റനായ ശേഷം കളിക്കാരുടെ ഭക്ഷണകാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കളിക്കാരുടെ കായിക ക്ഷമത അളക്കുന്ന യോ- യോ ടെസ്റ്റ് കൂടി പ്രാബല്യത്തില്‍ വന്നതോടെ ഭക്ഷണകാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്താന്‍ കളിക്കാര്‍ നിര്‍ബന്ധിതരായി.

എന്നാല്‍ ഈ പുതിയ തീരുമാനം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ബിസിസിഐയ്ക്കെതിരേ രൂക്ഷവിമര്‍ശനമുയരുകയാണ്. ന്യൂസിലന്‍ഡിനെതിരെ കാണ്‍പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയുടെ നായകത്വത്തിന്‍ കീഴിലായിരിക്കും ഇന്ത്യന്‍ ടീം ഇറങ്ങുക. ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍. മുംബയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ മാത്രമേ സ്ഥിരം ടെസ്റ്റ് ക്യാപ്ടനായ വിരാട് കോഹ്ലി ടീമിനൊപ്പം ചേരുകയുള്ളു.