പ്രതീക്ഷയുടെ വെളിച്ചമേകി ഇന്ന് ഉയിര്‍പ്പിന്റെ തിരുനാള്‍

0

യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടും ക്രൈസ്തവ ഈസ്റ്റര്‍ ആഘോഷിക്കുന്നു. മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പിനായി പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഞായറാഴ്ച വിശ്വാസികൾ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

ലോകമെമ്പാടുമുള്ള വിവിധ പള്ളികളില്‍ പാതിരാ കുര്‍ബാനയും പ്രത്യേക ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളും നടന്നു. നിരവധി വിശ്വാസികള്‍ ഈസ്റ്റര്‍ ശുശ്രൂഷകളിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്തു. വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ 200 വിശ്വാസികളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ഇത്തവണത്തെ ഈസ്റ്റര്‍ ശുശ്രൂഷ. ഉയര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു നല്‍കുന്ന പുതുജീവന് തകര്‍ന്ന ഹൃദയങ്ങളില്‍ നിന്ന് മനോഹരശില്‍പങ്ങളുണ്ടാക്കാനും മാനവികതയുടെ അവശിഷ്ടങ്ങളില്‍ നിന്ന് പുതുചരിത്രം സൃഷ്ടിക്കാനും കഴിയുമെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

തലസ്ഥാനത്തെ എല്ലാ പള്ളികളിലും ഇന്നലെ രാത്രിയിലും ഇന്നു പുലർച്ചെയുമായി പ്രത്യേക ഈസ്റ്റർ ശുശ്രൂഷകളും കുർബാനയും നടന്നു. പട്ടം സെന്റ് മേരീസ്കത്തീഡ്രലിൽ ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് മലങ്കര സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ കാർമികത്വം വഹിച്ചു. വരുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ പാവപ്പെട്ടവരെ കരുതുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുക്കണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.

ഉത്ഥിതനായ ക്രിസ്തു മനസില്‍ ജീവിക്കുമ്പോള്‍ വിശ്വാസികളില്‍ നിന്ന് സ്നേഹത്തിന്റെയും കരുണയുടെയും നീര്‍ച്ചാല്‍ ഒഴുകും. നോമ്പിന്റെ ദിവസങ്ങളില്‍ കുരിശിന്റെ വഴി, ഉപവാസം, തീര്‍ഥാടനങ്ങള്‍, ധ്യാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് ദേവാലയങ്ങളില്‍ നടന്നത്.