പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു

0

കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബു (72) അന്തരിച്ചു. വയനാട്ടിൽ ചിത്രീകരണം ആരംഭിക്കുന്ന പുതിയ സിനിമയുടെ ചർച്ചകൾക്കിടെ ഹോട്ടലിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രാമചന്ദ്ര ബാബുവിനെ ബീച്ച് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം. മൃതദേഹം തിരുവനന്തപുരം പേട്ട ‘അക്ഷര’യിലേക്ക് രാത്രി കൊണ്ടു പോകും.

ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയായ പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപിന്റെ ജയില്‍വാസം കാരണം മുടങ്ങിക്കിടക്കുകയായിരുന്നു ചിത്രം.

1947ൽ തമിഴ്നാട്ടിലെ മധുരാന്തകത്തിൽ മലയാളി കുടുംബത്തിൽ ജനിച്ചു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്ര ബാബു പുണെയിലെ സഹപാഠിയായിരുന്ന ജോണ്‍ അബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വിദ്യാര്‍ഥികളെ ഇതിലെ ഇതിലെയായിരുന്നു ആദ്യ ചിത്രം. മലയാള സിനിമയിലേ നാഴികക്കല്ലുകളായ നിർമാല്യം, സ്വപ്നാടനം, രതിനിർവേദം, ഇതാ ഇവിടെ വരെ, ചാമരം ,പടയോട്ടം, ഏഴാം കടലിനക്കരെ, യവനിക, ഒരു വടക്കൻ വീരഗാഥ എന്നിവ പ്രധാന ചിത്രങ്ങൾ.

സമാന്തര സിനിമയിലും വാണിജ്യ സിനിമയിലും ഒരുപോലെ സജീവമായിരുന്നു രാമചന്ദ്ര ബാബു. നാലുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ദ്വീപ് (1976), രതിനിര്‍വേദം (1978), ചാമരം (1980), ഒരു വടക്കന്‍ വീരഗാഥ (1989) എന്നിവയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങള്‍ക്കും അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

രാജ്യാന്തര ചലച്ചിത്രോത്സവങ്ങൾ ഉൾപ്പെടെ നിരവധി വേദികളിൽ ജൂറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ലതികാ റാണി. മക്കൾ: അഭിഷേക്, അഭിലാഷ്. ഛായാഗ്രാഹകൻ രവി.കെ.ചന്ദ്രൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്.