കൊറോണ: ഗുരുഗ്രാമിലുള്ള പേടിഎം ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു; കേരളത്തിൽ 469 പേര്‍ നിരീക്ഷണത്തിൽ

0

ന്യൂഡൽഹി ∙ ഇന്ത്യയിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് ബാധ (കോവിഡ് 19) സ്ഥിരീകരിച്ചു. ഡൽഹി ഗുരുഗ്രാമിലുള്ള ഇ–വോലറ്റ് കമ്പനി പേടിഎമ്മിന്റെ ഓഫിസിലെ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരന് കൊറോണ ബാധിച്ച വിവരം പേടിഎമ്മാണ് സ്ഥിരീകരിച്ചത്. ഇറ്റലിയിയില്‍നിന്ന് ഈയടുത്താണ് ഇദ്ദേഹം തിരിച്ചെത്തിയതെന്നും കൃത്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ജീവനക്കാരെല്ലാം രണ്ടു ദിവസത്തേയ്ക്കു വീട്ടിലിരുന്നു ജോലി ചെയ്താൽ മതിയെന്നു പേടിഎം അറിയിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി. ഇതില്‍ 16പേര്‍ ഇറ്റലിയില്‍നിന്നുള്ള വിനോദസഞ്ചാരികളാണ്. ഇന്ത്യക്കാരനായ ഇവരുടെ ഡ്രൈവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാണ-1, ഡല്‍ഹി-1, ആഗ്ര-6, തെലങ്കാന-1, കേരളം-3 എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്കുകള്‍. ഇതിൽ കേരളത്തിലെ 3 പേരും രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.

കേരളത്തിലെ വിവിധ ജില്ലകളിലായി 469 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 438 പേര്‍ വീടുകളിലും 31 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 552 സാംപിളുകൾ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 511 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ആരുടേയും ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.