കോവിഡിനുള്ള ‘അദ്ഭുത മരുന്ന്’ കണ്ടെത്തി; മരുന്ന് മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍

0

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ വഴിത്തിരിവാകുന്ന മരുന്നുമായി ബ്രിട്ടീഷ് ഗവേഷകര്‍. വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ സ്റ്റിറോയ്ഡായ ഡെക്സാമെത്തസോണ്‍(dexamethasone) കോവിഡ് രോഗം ഭേദമാക്കുന്നതില്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

ഡെക്സാമെതാസോണ്‍ എന്ന മരുന്ന് ഫലപ്രദമെന്നും ഇതിനു മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് ബാധിച്ച രോഗികൾക്കു ജീവൻരക്ഷാമരുന്നായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെടുന്ന ആദ്യ മരുന്നാണു ഡെക്സാമെതാസോൺ. കുറഞ്ഞ അളവിലുള്ള ഡെക്സാമെത്തസോണ്‍ കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് കുറയ്ക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ ആദ്യ മരുന്നാണിതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ഗുരുതരമായി രോഗം ബാധിച്ചവരിലെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ ഈ മരുന്ന് സഹായിച്ചുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. വായിലൂടെ കഴിക്കാവുന്ന ഈ മരുന്ന് ഐ.വി ആയും നല്‍കാംമെന്നാണു ചൊവ്വാഴ്ച പുറത്തുവന്ന പരീക്ഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

താരതമ്യേന കുറഞ്ഞ വിലയും നിലവിൽ വ്യാപകമായി ലഭ്യമായതുമായ മരുന്നാണിത്. ഡെക്സാമെതാസോൺ കോവിഡിന് ജീവൻരക്ഷാ മരുന്നായി ഉപയോഗിക്കാമെന്ന കണ്ടെത്തൽ നിർണായക ചുവടുവയ്പാണെന്നു യുകെയിലെ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ചു ബിബിസി റിപ്പോർട്ട് ചെയ്തു. ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയാണ് പരീക്ഷണം നടത്തിയത്. രോഗികളില്‍ മൂന്നിലൊന്ന് പേരുടെയും രോഗം മാറ്റുന്ന മരുന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നു ഗവേഷകര്‍ പറഞ്ഞു.

വെന്റിലേറ്ററിലുള്ള കോവിഡ് രോഗികളുടെ മരണസാധ്യത മൂന്നിലൊന്നായി കുറയ്ക്കുന്ന ഈ മരുന്ന്, ഓക്സിജൻ സിലിണ്ടറിന്റെ സഹായത്താൽ ചികിത്സയിലുള്ള രോഗികളുടെ മരണസാധ്യത അഞ്ചിലൊന്നായി കുറയ്ക്കാനും സഹായിക്കും. യുകെയിൽ മഹാമാരിയുടെ തുടക്കം മുതൽ ഉപയോഗിച്ചിരുന്നെങ്കിൽ 5000 പേരുടെ ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നു. കൂടുതൽ കോവിഡ് കേസുകളുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് മരുന്ന് വളരെ ഉപകാരപ്രദമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

2,104 രോഗികള്‍ക്ക് മരുന്ന് നല്‍കുകയും മരുന്ന് നല്‍കാത്ത 4,321 പേരുടെ ചികിത്സാഫലവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. 28 ദിവസത്തിനുശേഷം ഫലം പരിശോധിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് 35 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഓക്സിജന്‍ മാത്രം നല്‍കിയിരുന്നവരില്‍ മരണനിരക്ക് 20 ശതമാനമായും കുറച്ചു.

രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ യുകെയിലെ രോഗികളെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ 5,000 ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. മരുന്ന് ജീവന്‍ രക്ഷിക്കുമെന്നും മാത്രമല്ല അത് ചികിത്സാച്ചെലവ് കുറയ്ക്കാമെന്നും പഠനത്തിന് നേതൃത്വം നല്‍കുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ഡ്രെ പറഞ്ഞു.

മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനും പരീക്ഷിച്ചെങ്കിലും ഹൃദയത്തിനു പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ പിന്നീട് ഉപേക്ഷിച്ചു. മറ്റൊരു മരുന്നായ റെംഡിസിവിർ ഹ്രസ്വകാലത്തേക്ക് എൻഎച്ച്എസ് (നാഷനൽ ഹെൽത്ത് സർവീസ്) ഉപയോഗിക്കുന്നുണ്ട്. മരുന്നിനു ചെലവ് കുറവാണെന്നും ലോകമാകെ ജീവന്‍ രക്ഷിക്കാനായി ഡെക്സാമെതാസോണ്‍ ഉപയോഗിക്കാമെന്നും ചീഫ് ഇൻവെസ്റ്റിഗേറ്റർ പ്രഫ. പീറ്റര്‍ ഹോര്‍ബി പറഞ്ഞു.