കൊവിഡ് 19: കേരള ഹൈക്കോടതി ഏപ്രിൽ 8 വരെ അടച്ചു

0

കൊച്ചി: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതി നാളെ മുതൽ ഏപ്രിൽ എട്ടുവരെ അടച്ചിടാൻ തീരുമാനം. അടിയന്തര പ്രധാന്യമുള്ള കേസുകൾക്കായി വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ ആഴ്ചയിൽ രണ്ട് ദിവസം സിറ്റിംഗ് ഉണ്ടാകും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുക.

ഹേബിയസ് കോർപസ്, ജാമ്യം, മുൻകൂർ ജാമ്യം, കസ്റ്റഡി തുടങ്ങിയ കാര്യങ്ങളാകും പരിഗണിക്കുക. അടിയന്തര പ്രാധാന്യമുള്ള പൊതുതാത്പര്യ ഹർജികളും പരിഗണിക്കും. ഇതിനായി പ്രത്യേക കോടതിയെയോ ബെഞ്ചിനെയോ നിയോഗിച്ചേക്കും. രാവിലെ ജഡ്ജിമാരെല്ലാം ചേർന്നുള്ള ഫുൾകോർട്ട് യോഗത്തിലാണ് തീരുമാനമെടുത്തത്. അതിനുശേഷം അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റും ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. തുടർന്ന് എടുക്കേണ്ട ക്രമീകരണങ്ങളിൽ ചർച്ച നടത്തി. സർക്കാർ നിലപാട് അഡ്വക്കറ്റ് ജനറൽ അറിയിച്ചു.

കോവിഡ് 19 നെ തുടർന്ന് സുപ്രീംകോടതിയും ഭാഗികമായി അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമാകും വരും ദിവസങ്ങളിൽ കോടതി പരിഗണിക്കുക. അഭിഭാഷകർ കോടതിയിലെത്തുന്നതും വിലക്കി. ലോയേഴ്സ് ചേമ്പർ അടയ്ക്കും. അത്യാവശ്യ കേസുകൾ വീഡിയോ കോൺഫറൻസിംഗിലൂടെയും പരിഗണിക്കും.