കൊറോണ തടയാൻ മാര്‍ച്ച് 22ന് ‘ജനതാ കര്‍ഫ്യൂ’വിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

0

ന്യൂഡൽഹി ∙ കൊറോണ വൈറസ് ബാധയെ തടയുന്നതിനായി ഈ ഞായറാഴ്ച ജനത്തിനു വേണ്ടി, ജനം സ്വയം നടത്തുന്ന ‘ജനതാ കർഫ്യൂ’ നടപ്പാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മാര്‍ച്ച് 22 രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പതുമണിവരെയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“രാജ്യത്തെ 130 കോടി ജനങ്ങളോട് എനിക്ക് വലിയൊരു അഭ്യർത്ഥനയുണ്ട്, കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ കുറച്ചുദിവസങ്ങൾ രാജ്യത്തിന് നൽകണം” എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങൾ, ജനങ്ങളാൽ , ജനങ്ങൾക്ക് വേണ്ടി സ്വയം നടപ്പാക്കുന്നതാണ് ജനതാ കർഫ്യു എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കി.

കൊവിഡ് 19 പടരുന്നത് മൂലം സംഭവിക്കുന്നത് ലോകമഹായുദ്ധകാലത്ത് പോലും ബാധിക്കാത്ത തരം പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി ദശലക്ഷക്കണക്കിന് ആളുകളാണ് രാവും പകലുമില്ലാതെ ആശുപത്രികളിലും വിമാനത്താവളങ്ങളിലും അവനവനെ നോക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടി കഷ്ടപ്പെടുന്നത്. ഇവര്‍ക്കുള്ള അഭിവാദനവും പ്രോത്സാഹനവും എന്ന നിലയില്‍ മാര്‍ച്ച് 22ന് അഞ്ചുമണിക്ക് വാതില്‍, ബാല്‍ക്കണി, ജാലകങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് അഞ്ചുമിനിട്ട് കൈകള്‍ അടിക്കുകയും മണി മുഴക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ടങ്ങളിൽ നിന്ന് ഓരോരുത്തരും വിട്ട് നിൽക്കണം. വരുന്ന കുറച്ച് ആഴ്ചകൾ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ തുടരണം. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങൾ അതേപടി പിന്തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ ഇവരൊഴികെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ വൈറസ് ബാധ രാജ്യം കരുതലോടെ നേരിടണം. കൊറോണയിൽ നിന്നു രക്ഷനേടാൻ മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ആശങ്ക സ്വാഭാവികമാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ചില രാജ്യങ്ങളിൽ ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം പെട്ടെന്നു കുതിച്ചുകയറുകയാണ് കൊറോണ. ഈ മഹാമാരി പരക്കാതെ നോക്കുന്നതിൽ ഇന്ത്യയും ശ്രദ്ധാലുവാണ്.

ഈ സാഹചര്യത്തിൽ ചില കാര്യങ്ങളിൽ പ്രതിജ്ഞാബദ്ധരായിരിക്കണം. രണ്ട് സാഹചര്യങ്ങളെ ക്ഷമയോടെ നേരിടണം. സ്വയം രോഗം വരാതെ നോക്കും, മറ്റുള്ളവർക്കു രോഗം പകരാതെ നോക്കും. ഈ പ്രതിജ്ഞ മനസ്സിലുണ്ടാകണം. ഒപ്പം വീട്ടിൽ തുടരാനും ഐസലേഷൻ നിർദേശിക്കുമ്പോൾ അത് അനുസരിക്കാനുമുള്ള ക്ഷമ വേണം. ഒരാൾക്ക് രോഗമില്ലെങ്കിൽ അയാൾക്ക് എവിടേക്കു വേണമെങ്കിലും സഞ്ചരിക്കാമെന്ന തോന്നൽ തെറ്റാണ്. അത് വേണ്ടപ്പെട്ടവരോട് ചെയ്യുന്ന ദ്രോഹമാണ്. ഈ സാഹചര്യത്തിൽ അധികൃതരുടെ നിർദേശപ്രകാരം വീട്ടിൽ തുടരുക. വീട്ടിൽ നിന്ന് ഔദ്യോഗിക ജോലികൾ നിർവഹിക്കാനും ശ്രദ്ധിക്കണം. ഇതെല്ലാം കൃത്യമായി പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ടുംബത്തിലെ മുതിർന്ന് പൗരൻമാർ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം പ്രധാനമന്ത്രിയും ആവർത്തിച്ചു. സാമ്പത്തിക പാക്കേജിനായി ഒരു കർമ്മസേനയെ നിയോഗിക്കുമെന്നും പ്രധാനമന്ത്രി മുന്നോട്ട് വച്ചു. ഇതിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ നേതൃത്വം നൽകും. ആപൽസന്ധിയിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന ആളുകളുടെ കാര്യത്തിൽ ശ്രദ്ധവേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ ഒന്നിച്ച് നിന്നാൽ ഈ ആപത് ഘട്ടം തരണം ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു.