കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ മുംബൈയിൽ കൊവിഡ് കേസുകളിൽ 32% വർദ്ധനവ്

0

മുംബൈ: ചൈനയിൽ വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകളിലെ ആശങ്കകൾക്കിടയിൽ, മുംബൈയിലും കൊറോണ വൈറസ് അണുബാധിതർ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മുംബൈയിലെ സജീവ കേസുകളുടെ എണ്ണം 32% വർദ്ധിച്ചുവെന്നാണ് ബി എം സി അധികൃതർ വ്യക്തമാക്കിയത്‌.

എന്നിരുന്നാലും പ്രതിദിന കേസുകളുടെ എണ്ണം 10 ൽ താഴെയാണ്. കഴിഞ്ഞ ആഴ്‌ച, നഗരത്തിൽ 37 സജീവ കേസുകളാണ് ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ 50 എണ്ണമായി ഉയർന്നു എന്നതാണ് നഗരസഭയെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ പ്രേരിപ്പിച്ചത്.

പ്രത്യേക വാർഡുകൾ സൃഷ്ടിച്ചും മരുന്ന് സ്റ്റോക്കുകളും ഓക്സിജൻ സൗകര്യങ്ങളും ഒരുക്കിയെന്നും ബി എം സി അധികൃതർ അറിയിച്ചു. അതിനാൽ തന്നെ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ 26 കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പറഞ്ഞു.