കോൺസൽ ജനറലിന് നൽകിയ ഫോൺ കൈവശം; കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം

0

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ആറ് മൊബൈലുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്ന്‌ കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. 1.13 ലക്ഷം വില വരുന്ന ഏറ്റവും വില കൂടിയ ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വിനോദിനിയുടെ പേരിലുള്ള സിമ്മാണ് ഫോണിൽ ഉപയോഗിച്ചതെന്ന് കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും IMEI നമ്പർ ഉപയോഗിച്ച് കസ്റ്റംസ് സിം കാർഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണ് സൂചന. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് കോഴ നല്‍കിയതായി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു.

ഇതിന്റെ ഭാഗമായി വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന്‍, പദ്മനാഭ ശര്‍മ്മ, ജിത്തു, പ്രവീണ്‍ എന്നിവര്‍ക്ക് കിട്ടിയതായി നേരത്തെ കണ്ടെത്തിയിരുന്നു. കോണ്‍സുല്‍ ജനറലാണ് ഐ ഫോണ്‍ വിനോദിനിക്ക് നല്‍കിയത്. ഇതില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡും കണ്ടെത്തിയതായാണ് വിവരം.