ഇന്ന് നാല് മലയാളസിനിമകൾ റിലീസിന്; പ്രതീക്ഷയോടെ പ്രേക്ഷകർ

0

ക്രിസ്‌മസ്‌ റിലീസുകളായ നാല് മലയാള സിനിമകളാണ് ഇന്ന് തീയേറ്ററുകളിൽ എത്തുന്നത്. മഞ്ജു വാരിയർ ചിത്രം പ്രതി പൂവൻ കോഴി, ജയസൂര്യയുടെ തൃശൂർപൂരം, പൃഥ്വിരാജിന്റെ ഡ്രൈവിങ് ലൈസൻസ്, ഷെയ്ൻ നിഗത്തിന്റെ വലിയ പെരുന്നാൾ എന്നിവയാണ് ഇന്ന് റിലീസിനെത്തുന്ന മലയാളസിനിമകൾ. ദിലീപിന്റെ മൈ സാന്റാ ഡിസംബർ 25ലേക്ക് മാറ്റി. ജീത്തു ജോസഫ്–കാർത്തി ചിത്രം തമ്പി, ശിവകാർത്തികേയന്റെ ഹീറോ, സൽമാൻ ഖാന്റെ ദബാങ് 3 എന്നിവയാണ് ഡിസംബർ 20ന് റിലീസിനെത്തുന്ന അന്യഭാഷ സിനിമകൾ.

വസ്ത്ര വ്യാപാരക്കടയിലെ സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രമായാണ് ‘പ്രതി പൂവന്‍ കോഴി’യില്‍ മഞ്ജു എത്തുന്നത്. ഹൗ ഓള്‍ഡ് ആര്‍ യൂ?’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാരിയറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ചിത്രമാണ് ‘പ്രതി പൂവൻകോഴി’. ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്നു. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്.പി.ശ്രീകുമാര്‍,ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ബാലമുരുകനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോപീ സുന്ദറിന്റേതാണ് സംഗീതം. ഉണ്ണി.ആര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ.

രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്ന ജയസൂര്യ നായകനായുള്ള ആക്ഷൻ ചിത്രം തൃശൂർപൂരമാണ് മറ്റൊരു ചിത്രം. ‘ആട് 2’ വിനുശേഷം ജയസൂര്യ-വിജയ് ബാബു ടീം ഒന്നിക്കുന്ന ചിത്രമാണിത്. ജയസൂര്യയ്ക്ക് ഒപ്പമുള്ള ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശൂർ പൂരം’. ‘ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ’, ‘ആട് ഒരു ഭീകരജീവിയാണ്’, ‘ആട് 2’ എന്നിവയായിരുന്നു മുൻ ചിത്രങ്ങൾ. സ്വാതി റെഡ്ഡിയാണ് ചിത്രത്തിൽ ജയസൂര്യയുടെ നായികയായി എത്തുന്നത്.

ഡിമല്‍ ഡെന്നിസ് ഷെയ്ന്‍ നിഗത്തെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് വലിയ പെരുന്നാൾ. ഫില്‍റ്റര്‍ കോപ്പി അടക്കമുള്ള വെബ് സീരിസികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഹിമിക ബോസ് ആണ് ചിത്രത്തിലെ നായികയാവുന്നത്. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അന്തരിച്ച പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാനത്തെ ചിത്രം കൂടിയാണ് വലിയപെരുന്നാള്‍. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോണിഷാ രാജീവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍വര്‍ റഷീദും സഹനിര്‍മാതാവാണ്. ഡിമല്‍, തസ്രീഖ് അബ്ദുള്‍ സലാം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. സംഗീതം റെക്‌സ് വിജയന്‍.

‘ഹണി ബീ ടു’വിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡ്രൈവിങ് ലൈസൻസ്. ചിത്രത്തിന്റെ കഥയൊരുക്കുന്നത് സച്ചിയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒരു സൂപ്പർസ്റ്റാറും ആരാധകനും തമ്മിലുള്ള ആരാധനയുടെയും ഈഗോയുടേയും കഥ പറയുന്ന ചിത്രമാണ് ‘ഡ്രൈവിങ് ലൈസൻസ്’. ഒമ്പത് വർഷത്തിനു ശേഷം പൃഥ്വിരാജും സുരാജും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.