രക്താർബുദം മാറാൻ ഗംഗാ നദിയിൽ മുക്കി; ഹരിദ്വാറിൽ 5 വയസുകാരൻ മരിച്ചു‌‌

0

ഡെറാഡൂൺ: ഗംഗാനദിയിൽ മുക്കിയാൽ രക്താർബുദം മാറുമെന്ന അന്ധവിശ്വാസം അഞ്ച് വയസുകാരന്‍റെ ജീവനെടുത്തു. ഉത്തരാറണ്ഡിലെ ഹരിദ്വാറിലാണ് രക്താർബുദം മാറുമെന്ന പ്രതീക്ഷയിൽ മാതാപിതാക്കൾ അഞ്ചു വയസുകാരനെ ഗംഗയിൽ മുക്കിയത്. കണ്ടു നിന്ന മറ്റുള്ളവർ ഇടപെട്ടെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. ഡൽഹിയിൽ നിന്നുള്ള കുടുംബം ബുധനാഴ്ചയാണ് ഹരിദ്വാറിലെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം പിതൃസഹോദരി എന്നു കരുതുന്ന സ്ത്രീയും ഉണ്ടായിരുന്നതായി കാർ ഡ്രൈവർ പറയുന്നു. കുട്ടി തീർത്തും അവശനായിരുന്നു. രക്താർബുദം ബാധിച്ച കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനാകില്ലെന്ന് ഡോക്റ്റർമാർ പറഞ്ഞതായി കുടുംബാംഗങ്ങൾ കാർ ഡ്രൈവറോട് പറഞ്ഞിരുന്നു. അതേ തുടർന്നാണ് അന്ധവിശ്വാസത്തിന്‍റെ കൂട്ടു പിടിച്ച് കടുത്ത ശൈത്യത്തെ പോലും കണക്കിലെടുക്കാതെ അസുഖ ബാധിതനാ കുട്ടിയുമായി കുടുംബം ഹരിദ്വാറിലെത്തിയത്. കുട്ടിയെ ഗംഗാ നദി സുഖപ്പെടുത്തുമെന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്.

കുട്ടിയുടെ പിതൃസഹോദരി ഉറക്കെ പ്രാർഥിച്ചു കൊണ്ട് കുട്ടിയെ നദിയിൽ മുക്കിപിടിച്ചു. ചുറ്റുപാടുമുണ്ടായിരുന്നവർ ഇടപെട്ടെങ്കിലും അവർ അനുസരിച്ചില്ല. ഒടുവിൽ സമീപത്തുണ്ടായിരുന്നവർ നിർബന്ധിച്ചതിനെത്തുടർന്നാണ് കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. അനക്കമില്ലാത്ത അവസ്ഥ‍യിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്റ്റർമാർ മരണം സ്ഥിരീകരിച്ചു.

കുട്ടിയെ നദിയിൽ മുക്കിപ്പിടിച്ചിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ മാതാപിതാക്കളെയും പിതൃസഹോദരിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.