എടിഎം – ഓണ്‍ലൈന്‍ ഇടപാടുകള്‍ വില്ലനാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0

എപ്പോഴും പറഞ്ഞു കേള്‍ക്കുന്നതാണെങ്കില്‍ കൂടി, എടിഎം ഇടപാടുകളുടെ കാര്യത്തില്‍ “പന്തീരാണ്ട് കാലം കുഴലിലിട്ട നായയുടെ വാലിന്റെ” അവസ്ഥയാണ് പലര്‍ക്കും. സുരക്ഷാകാര്യങ്ങളിലും സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പലപ്പോഴും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ പൊതുവേ തികഞ്ഞ അനാസ്ഥ തന്നെയാണ് കാണിക്കാറുള്ളതു; നല്ലൊരു “അടി” കിട്ടുന്നത് വരെ.

എടിഎം / ഓണ്‍ലൈന്‍ ലോട്ടറി / ബാങ്ക് തട്ടിപ്പുകള്‍ നമ്മുക്ക് പുതുമയല്ലാതായിരിക്കുന്നു.  പറഞ്ഞാലും പ്രയോജനമില്ലാത്തത്  കൊണ്ട് ആരും പുറത്തു പറയാറില്ല, ഇനി പറഞ്ഞാലും “പീഡനത്തിന്‍റെ” അത്രയും സ്കോപ്പില്ലാത്തത് കൊണ്ട് സോഷ്യല്‍മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഏറ്റെടുക്കാറുമില്ല. പറഞ്ഞു മടുത്തതാണെങ്കില്‍ കൂടി, ഒന്ന് കൂടി ലിസ്റ്റ് ചെയ്തു പറയുന്നു.

എടിഎം ഇടപാടുകള്‍ സ്വകാര്യമായി മാത്രം

എടിഎം ഇടപാടുകള്‍ നടത്തുമ്പോള്‍ തികച്ചും സ്വകാര്യമായി നടത്തുക. നിങ്ങള്‍ എടിഎം ഉപയോഗിക്കുമ്പോള്‍ വേറെ ആരും എടിഎം മുറിയില്‍ ഇല്ലെന്നു ഉറപ്പു വരുത്തുക; ഉണ്ടെങ്കില്‍ അയാളോട് പുറത്തിറങ്ങി നില്‍ക്കാന്‍ ആവശ്യപ്പെടുക, അതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്‌. (മുറി അല്ലെങ്കില്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെടുക.)

സംശയകരമായി അപരിചിതരെ കാണുകയാണെങ്കില്‍ എടിഎം ഉപയോഗിക്കാതിരിക്കുക. എടിഎം ഉപയോഗിക്കാന്‍ ഒരിക്കലും അപരിചിതരുടെ സഹായം സ്വീകരിക്കാതിരിക്കുക.

നിങ്ങളുടെ സ്വകാര്യ പിന്‍ നമ്പര്‍ (എടിഎം പിന്‍ നമ്പര്‍ അഥവാ Personal Identification Number ) വേറെ ആരും മനസ്സിലാക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. എടിഎം പിന്‍ ഒരിക്കലും കാര്‍ഡിലോ (കാര്‍ഡിന്റെ കവറിലോ) മറ്റു നോട്ടുകളിലോ എഴുതി വെക്കാതിരിക്കുക. എടിഎം പിന്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്താതിരിക്കുക.

എടിഎം ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാതിരിക്കുക, ഇത് നിങ്ങളുടെ ശ്രദ്ധ തിരിക്കാനും ഇടപാട് വ്യക്തമായി ശ്രധിക്കാതിരിക്കാനും ഇടയാക്കും.

എടിഎം വ്യക്തമായി പരിശോധിക്കുക

ഇടപാടുകള്‍ കഴിയുന്നത്‌ വരെ കാത്തു നില്‍ക്കുക; അടുത്ത ഇടപാടിനു എടിഎം ലഭ്യമാണോ എന്ന് എടിഎം സ്ക്രീന്‍ നോക്കി ഉറപ്പു വരുത്തുക.

എടിഎം മെഷീനുമായി എന്തെങ്കിലും തരത്തിലുള്ള ഉപകരണങ്ങള്‍ (സംശയകരമായ രീതിയില്‍) ബന്ധിപ്പിച്ചതായി കാണുകയാണെങ്കില്‍  എടിഎം ഉപയോഗിക്കാതിരിക്കുക. ഉടന്‍ തന്നെ ബാങ്കില്‍ വിവരമറിയിക്കുക.

ഇടപാടിനു ശേഷം പൈസ കിട്ടുന്നില്ലെങ്കിലോ, ആ വിവരം സ്ക്രീനില്‍ എഴുതി കാണിക്കുന്നില്ലെങ്കിലോ ഉടന്‍ തന്നെ ബാങ്കില്‍ വിവരമറിയിക്കുക.

മൊബൈല്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക

നിങ്ങളുടെ മൊബൈല്‍നമ്പര്‍ നിങ്ങളുടെ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കുക. ഇത് വഴി ഓരോ എടിഎം/ഓണ്‍ലൈന്‍ ഇടപാടു നടത്തുമ്പോഴും ഇടപാടിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ നിങ്ങളുടെ മൊബൈലില്‍ ലഭ്യമാവും. മൊബൈല്‍ നമ്പര്‍ മാറിയതാണെങ്കില്‍, പുതിയ നമ്പര്‍ ബാങ്കില്‍  അപ്ഡേറ്റ് ചെയ്യുക; പഴയ നമ്പര്‍ രേഖകളില്‍ നിന്നും ഒഴിവാക്കാനും ആവശ്യപ്പെടുക.

നിങ്ങളുടെ എസ് എം എസുകളും (SMS) ബാങ്ക് ഇടപാടുകളും (Statements) കൃത്യമായി പരിശോധിക്കുക. ഓരോ ഇടപാടിനു ശേഷവും തുകയും വിവരങ്ങളും എസ് എം എസ് നോക്കി ഉറപ്പു വരുത്തുക.

എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍

എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ (Help Desk) നമ്പറില്‍ വിളിച്ചു വിവരങ്ങള്‍ അറിയിക്കുക. കാര്‍ഡ്‌ ബ്ലോക്ക്‌ ചെയ്യാനുള്ള സഹായം കസ്റ്റമര്‍ കെയര്‍ ചെയ്യുന്നതായിരിക്കും. അത് വഴി വേറെ ആരെങ്കിലും നിങ്ങളുടെ കാര്‍ഡ്‌ ഉപയോഗിക്കുന്നത്  തടയാന്‍ സാധിക്കും. നിങ്ങള്‍ അറിയാത്ത ഒരു ഇടപാട്  (എടിഎം / ഓണ്‍ലൈന്‍) ശ്രദ്ധയില്‍ പെട്ടാലും കസ്റ്റമര്‍ കെയറില്‍ വിളിച്ചു അറിയിക്കുക.

ഓണ്‍ലൈന്‍/എസ്എം എസ്  തട്ടിപ്പുകള്‍

ആവര്‍ത്തിച്ചു പറയട്ടെ, ബാങ്ക് ഒരിക്കലും നിങ്ങളുടെ എടിഎം പിന്‍,  വണ്‍ ടൈം പാസ്സ്‌വേര്‍ഡ്‌  (OTP – One Time Password) അല്ലെങ്കില്‍ ഓണ്‍ലൈന്‍ ലോഗിന്‍ വിവരങ്ങള്‍ (യൂസര്‍ നെയിം & പാസ്സ്‌വേര്‍ഡ്‌) ഫോണ്‍ വഴിയോ എസ്എം വഴിയോ ചോദിക്കില്ല. അത്തരം ശ്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ബാങ്കില്‍ അറിയിക്കുക. പറ്റുമെങ്കില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ ബാങ്കിന്റെ ആപ്പ്ളിക്കേഷന്‍  (Mobile App) ഉപയോഗിച്ച് തന്നെ ചെയ്യുക; അത്തരം ആപ്പ്ളിക്കേഷനുകള്‍ ഇപ്പോഴും അപ്ഡേറ്റ് ചെയ്യുക.

ബാങ്കില്‍ നിന്നും വന്നതാണെന്ന രീതിയിലുള്ള ഇമെയില്‍/എസ്എം ലഭിക്കുകയാനെങ്കില്‍ അതിനു മറുപടി കൊടുക്കാതിരിക്കുക. അത്തരം സന്ദേശങ്ങളിലെ വെബ്‌ലിങ്കുകളില്‍ പോകാതിരിക്കുക.

നിങ്ങളുടെ ബാങ്കിന്റെ വെബ്സൈറ്റ് അഡ്രസ്‌ സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തുക. (ഉദാഹരണത്തിന് മുകളിലെ ചിത്രം ശ്രദ്ധിക്കുക)

അപ്പൊ സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.