ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്; ഭൂമിയില്‍ ചില മാറ്റങ്ങള്‍ക്ക് കാരണമായേക്കുമെന്നു മുന്നറിയിപ്പ്

0

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്. രാത്രി 10.42 ന് ആരംഭിക്കുന്ന ഗ്രഹണം ശനിയാഴ്ച പുലര്‍ച്ചെ വരെ നീളും. ചന്ദ്രന്‍ ചുവന്ന നിറം കൈവരിക്കുന്ന സുന്ദര ദൃശ്യമായ ബ്ലഡ് മൂണ്‍ എന്ന പ്രതിഭാസമായിരിക്കും ഇന്ത്യയില്‍ ദൃശ്യമാവുക. തെക്കെ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് , ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. ഭൂമിയുടെ അന്തരീക്ഷത്തില്‍ തട്ടിത്തെറിച്ചെത്തുന്ന ചുവന്ന പ്രകാശം മാത്രം വീഴുന്നതിനാലാണ് ചന്ദ്രന്‍ ഈ സമയത്ത് ചുവന്ന നിറത്തില്‍ ദൃശ്യമാകുന്നത്.

ഇന്ത്യയില്‍ ഡല്‍ഹിയില്‍ ഇന്ന് രാത്രി 10.44നു ചന്ദ്രഗ്രഹണം ആരംഭിക്കും. 11.54ന് ഭാഗിക ഗ്രഹണം ദൃശ്യമാകും. അര്‍ധരാത്രി ഒരു മണിയോടെ സൂര്യപ്രകാശത്തെ പൂര്‍ണമായും ഭൂമി മറച്ച് സമ്പൂര്‍ണ ചന്ദ്രഗ്രഹണക്കാഴ്ചയും നമുക്കു മുന്നിലെത്തും. പുലര്‍ച്ചെ 1.51നായിരിക്കും ഗ്രഹണത്തെ ഏറ്റവും പൂര്‍ണതയോടെ കാണാന്‍ സാധിക്കുക. 2.43ന് ഇത് അവസാനിക്കുകയും ചെയ്യും. സമ്പൂര്‍ണ്ണ ഗ്രഹണം രണ്ട് മണിക്കൂറോളം ഉണ്ടാകും. ഭാഗിക ഗ്രഹണം പിന്നാലെ 28നു പുലര്‍ച്ചെ 3.49നു വീണ്ടും സംഭവിക്കും, 4.58ന് അവസാനിക്കും.

ചന്ദ്രഗ്രഹണം ദൃശ്യമാകുന്ന സമയങ്ങളില്‍ ഭൂമിയില്‍ ചില മാറ്റങ്ങള്‍ക്ക് കാരണമായേക്കുമെന്നും മുന്നറയിപ്പുണ്ട്. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവരണ അതോറിറ്റി നേരത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയ ഭൂചലനത്തിനു സാധ്യതയുണ്ടെന്നാണ് ശാസ്ത്രനിരീക്ഷകരുടെ മുന്നറിയിപ്പ്.2019 ജനുവരി 21നാണ് അടുത്ത അടുത്ത ചന്ദ്രഗ്രഹണം. പക്ഷെ അന്നത്തെ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. പിന്നീട് ഇന്ത്യയില്‍ കാണാനാവുന്ന ചന്ദ്രഗ്രഹണം അടുത്ത വര്‍ഷം ജൂലൈ 16ലെ ഭാഗിക ചന്ദ്രഗ്രഹണം മാത്രമാണ്. ഇതിനാലാണ് ഇന്നത്തെ ഗ്രഹണം നൂറ്റാണ്ടിന്റെ ഗ്രഹണമാക്കി കണക്കാക്കുന്നത്.