വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡിജിസിഎ

0

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡിജിസിഎ. വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന് പിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ്. അതിനിടെ മറ്റൊരു എയർ ഇന്ത്യ വിമാനത്തിലും സമാനമായ സംഭവം നടന്നതായി പരാതിയുണ്ട്.

എയർ ഇന്ത്യയെ പ്രതിരോധിലാക്കുന്നതാണ് ഡിജിസിഎ സമർപ്പിച്ച കാരണം കാണിക്കൽ നോട്ടീസ്. സംഭവം കൈകാര്യം ചെയ്ത രീതിയെ ഡിജിസിഎ കുറ്റപ്പെടുത്തി. വിഷയം ശ്രദ്ധയിൽപ്പെടുത്താഞ്ഞത് എന്തുകൊണ്ടെന്ന് ഡിജിസിഎ ആരാഞ്ഞു. വിശദമായ റിപ്പോർട്ട് രണ്ടാഴ്ചക്കകം നൽകണമെന്നും എയർ ഇന്ത്യക്ക് നിർദ്ദേശം നൽകി. യാത്രക്കാരനെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് പരാതിക്കാരി പിന്മാറിയിരുന്നുവെന്നും, പ്രശ്നം പരിഹരിക്കപ്പെട്ടുവെന്ന് കരുതിയാണ് പോലീസിനെ അറിയിക്കാതിരുന്നതെന്നാണ് എയർ ഇന്ത്യ ഡിജിസിഎ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ വിശദീകരിച്ചത്.

യാത്രക്കാരിക്ക് പണം തിരികെ നൽകിയെന്നും എയർ ഇന്ത്യ അറിയിച്ചു. മുംബൈ വ്യവസായിയായ പ്രതിയെ തേടി ഡൽഹി പൊലീസ് മുംബൈയിലെത്തി. ഇയാൾക്കെതിരെ സ്ത്രീകൾക്കെതിരായ അതിക്രമം, അടക്കം ഐപിസി 294 ,354,509 ,510 വകുപ്പുകളാണ് ചുമത്തിയത്. പ്രതിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ ഡിസംബർ 6 ന് പാരിസ്- ഡൽഹി വിമാനത്തിലാണ് സമാനമായ മറ്റൊരു സംഭവം ഉണ്ടായത്. മദ്യലഹരിയിൽ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചതായാണ് പരാതി ഉയർന്നതെന്ന് അധികൃതർ അറിയിച്ചു.