200 കോടിയുടെ റോഡ് നിർമാണം ദുബായിൽ പൂർത്തിയായി

1

ദുബായ് : 200 കോടി ദിർഹം ചെലവഴിച്ചുള്ള ദുബായ്-അൽ ഐൻ റോഡ് വികസനപദ്ധതി പൂർത്തിയായി. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഞായറാഴ്ച റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

എമിറേറ്റ്‌സ് റോഡ് ഇൻർസെക്‌ഷൻമുതൽ ദുബായ്-അൽഐൻ റോഡിലൂടെ റാസൽഖോർ ഇന്റർസെക്‌ഷൻവരെ 17 കിലോമീറ്ററിലാണ് പുതിയ റോഡ്. ഓരോ ദിശയിലേക്കും മൂന്നുമുതൽ ആറുവരെ വരികളായി വീതികൂട്ടിയും ആറ്് പ്രധാന ഇന്റർചേഞ്ചുകൾ സ്ഥാപിച്ചും 11.5 കിലോമീറ്റർവരെ നീളമുള്ള പാലങ്ങളും റാമ്പുകളും നിർമിച്ചുമാണ് പദ്ധതി പൂർത്തിയാക്കിയത്.

15 ലക്ഷത്തോളം ആളുകൾക്ക് പദ്ധതി പ്രയോജനപ്പെടും. സമീപത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും ഏതാണ്ട് 27,500-ഓളം വിദ്യാർഥികൾക്കും ഗുണകരമാകും. ഇരുദിശകളിലേക്കും മണിക്കൂറിൽ 12,000 മുതൽ 24,000 വരെ വാഹനങ്ങൾക്ക് കടന്നുപോകാം. കൂടാതെ, തിരക്കേറിയ സമയങ്ങളിൽ റാസൽഖോർ ഇന്റർസെക്‌ഷൻമുതൽ എമിറേറ്റ്‌സ് റോഡ് ഇന്റർസെക്‌ഷൻ മുതൽ എമിറേറ്റ്‌സ് റോഡ് ഇന്റർസെക്‌ഷൻവരെയുള്ള യാത്രാസമയം 16 മിനിറ്റിൽനിന്നും എട്ടുമിനിറ്റായി കുറയുകയും ചെയ്യും.

മാത്രമല്ല, ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാകും. പദ്ധതി ഗതാഗതം സുഗമമാക്കുമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട്‌ (ആർ.ടി.എ.) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.