ദുബായില്‍ വാഹനാപകട ദൃശ്യങ്ങൾ പകർത്തിയാൽ പിടിവീഴും; ആറു മാസം വരെ തടവും ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിർഹം വരെ പിഴയും

1

ദുബായില്‍ വാഹനാപകട ദൃശ്യങ്ങൾ പകർത്തിയാൽ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ദുബായ് പൊലീസ്. അനുമതിയില്ലാതെ അന്യരുടെ ചിത്രവും ചലനവും ശബ്ദവും പകർത്തുന്നത് നിയമ വിരുദ്ധമാണെന്നും പൊലീസ് വ്യക്തമാക്കി. യുഎഇയിൽ വാഹനാപകടങ്ങളുടെയും മറ്റും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണ് പൊലീസിൻറെ മുന്നറിയിപ്പ്.

നല്ല ലക്ഷ്യത്തോടെ ചെയ്തതാണെങ്കിൽ പോലും നിയമലംഘനത്തിൻറെ പരിധിയിൽ നിന്ന് ഒഴിവാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വീഡിയോകളുടെ ഉറവിടം കണ്ടെത്താൻ ദുബായ് പൊലീസിന് കീഴിൽ അത്യാധുക സംവിധാനങ്ങളുണ്ട്. അതുവഴി നിയമലംഘകരെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരും.

അജ്മാനില്‍ രണ്ടു യുവാക്കളെ വാഹനമിടിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവും ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. ദൃശ്യ, ശ്രവ്യ മാധ്യമങ്ങൾ വഴി വിവരങ്ങൾ ചോർത്തുകയും, അവ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് പൊലീസ് വ്യക്തമാക്കി