ഇന്തൊനീഷ്യയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ലാംബാക്ക് ദ്വീപിൽ ഭൂകമ്പം

0

ഇന്തൊനീഷ്യയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ലാംബാക്ക് ദ്വീപിൽ ഭൂകമ്പം. പത്തു പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരണസംഖ്യ ഇനിയും ഏറുമെന്നാണു വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുകയാണ്. മരിച്ചവരിൽ മലേഷ്യയിൽ നിന്നുള്ള വിദേശ ടൂറിസ്റ്റുമുണ്ട്.

പുലർച്ചെ 6.47നു ഭൂരിപക്ഷം പേരും ഉറങ്ങുന്ന സമയത്തായിരുന്നു ഭൂകമ്പമെന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടിമാറിയാണു പലരും രക്ഷപ്പെട്ടത്. ജനങ്ങൾ ഇപ്പോഴും തെരുവുകളിൽ തുടരുകയാണ്. 20-30 സെക്കൻഡ് നേരമാണു ഭൂകമ്പം തുടർന്നതെന്ന് പ്രദേശവാസികൾ പറയുന്നു. നീന്തൽക്കുളങ്ങളിൽ ഉൾപ്പെടെ തിരമാലയടിക്കുന്നതു പോലെ വെള്ളം ഉയർന്നതോടെ പലരും റിസോർട്ടുകൾ വിട്ടും ഇറങ്ങിയോടി. എന്നാൽ സൂനാമി മുന്നറിയിപ്പ് ഇതുവരെ വന്നിട്ടില്ല.

ഗ്രാമപ്രദേശങ്ങളിലാണു കൂടുതൽ നാശനഷ്ടങ്ങൾ. ലാംബാക്ക് ദ്വീപിന്റെ വടക്കുള്ള മത്താരം നഗരത്തിന്റെ വടക്കുകിഴക്ക് 50 കി.മീ. മാറിയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഏഴു കിലോമീറ്റർ ആഴത്തിലാണു പ്രഭവകേന്ദ്രമെന്നതും ഭൂകമ്പത്തിന്റെ ആഘാതം കൂട്ടി.ആരംഭത്തിൽ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ 66 ചെറുപ്രകമ്പനങ്ങളുമുണ്ടായി. ഇതിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഉണ്ടായിരുന്നു. ഭൂകമ്പത്തിന്റെ പ്രകമ്പനം തൊട്ടടുത്ത ദ്വീപായ ബാലിയിലും എത്തി. ഇന്തൊനീഷ്യയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ബാലി.