ജർമ്മനിയെ മുട്ടുകുത്തിപ്പിച്ച് ജപ്പാൻ

0

ദോഹ:ലോകകപ്പില്‍ അട്ടിമറികള്‍ അവസാനിക്കുന്നില്ല. ഏഷ്യന്‍ കരുത്തരായ ജപ്പാന്‍റെ മിന്നാലാക്രമണത്തിന് മുന്നില്‍ 2-1ന് മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയാണ് ഒടുവിലായി അടിയറവുപറഞ്ഞത്. ദ്യപകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജപ്പാന്റെ അതിശക്തമായ തിരിച്ചുവരവ്.

ലോകകപ്പില്‍ അട്ടിമറികള്‍ അവസാനിക്കുന്നില്ല. കളിയുടെ തുടക്കം മുതല്‍ക്കേ ജര്‍മനി മുന്നേറ്റങ്ങളുമായി കളം നിറയുന്ന കാഴ്ചയാണ് ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. എന്നാൽ രണ്ടാം പകുതിയിലെ ജപ്പാൻ്റെ വിസ്മയ പ്രകടനം ഖത്തർ ലോകകപ്പിലെ രണ്ടാം അട്ടിമറിക്ക് വഴിയൊരുക്കി. പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്.

അര്‍ജന്റീനയെ പോലെ ആദ്യം പെനാല്‍റ്റിയിലൂടെ ലീഡ് നേടിയത് ജര്‍മനി. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽ നിന്ന് ഇകായ് ഗുണ്ടോകൻ നേടി. 16ാം മിനിറ്റിൽ ലഭിച്ച കോർണർ റൂഡിഗർ ഹെഡ് ചെയ്തിട്ടെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. 20ാം മിനിറ്റിൽ ഗുണ്ടോഗന്റെ ഷോട്ട് ജപ്പാൻ ഗോൾകീപ്പർ തട്ടിയിട്ടു. 24ാം മിനിറ്റിൽ ഹാവർട്സിനെ വീഴ്ത്തിയതിന് പെനാൽറ്റിക്കായി ജർമനി വാദിച്ചെങ്കിലും വാർ പരിശോധനയിൽ അനുവദിക്കപ്പെട്ടില്ല.

രണ്ടാംപകുതിയിലും ജര്‍മനി ശ്രമിച്ചെങ്കിലും ഷോട്ടുകളുടെ ലക്ഷ്യം പിഴച്ചു. മുസിയാലയും ഗ്നാബ്രിയും ഗുണ്ടോകനും ഉതിര്‍ത്ത ഷോട്ടുകള്‍ നേരിയ മാര്‍ജിനില്‍ പുറത്തുപോയി. ഗോള്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ 67-ാം മിനുറ്റില്‍ മുള്ളറെയും ഗുണ്ടോകനെയും പിന്‍വലിക്കാന്‍ ജര്‍മന്‍ പരിശീലകന്‍ ഹാന്‍സി ഫ്ലിക് നിര്‍ബന്ധിതനായി. മറുവശത്ത് ഇടവേളകളില്‍ ശക്തമായ പ്രത്യാക്രമണങ്ങളുമായി ജപ്പാന്‍ താരങ്ങള്‍ ജര്‍മന്‍ ഗോള്‍മുഖത്ത് അപകടഭീതി സൃഷ്ടിച്ചുകൊണ്ടിരുന്നു. 70-ാം മിനുറ്റില്‍ ജര്‍മനിയുടെ നാല് തുടര്‍ ഷോട്ടുകള്‍ തടുത്ത് ജപ്പാന്‍ ഗോളി കയ്യടിവാങ്ങി. എന്നാല്‍ 75-ാം മിനുറ്റില്‍ റിട്‌സുവും 83-ാം മിനുറ്റില്‍ അസാനോയും നേടിയ ഗോളുകള്‍ ജര്‍മന്‍ ആരാധകരെ ഞെട്ടിച്ച് വിജയം ജപ്പാന്‍റേതാക്കി മാറ്റി.