‘അലറിക്കരയുന്ന മമ്മി’യുടെ പിന്നിലെ നിഗൂഡത കണ്ടെത്തി; ഈജിപ്തിന്റെ ചരിത്രത്തില്‍ ഇത്രയും അസ്വാഭാവികവും നിഗൂഢവുമായ രീതിയില്‍ ഒരു ‘മമ്മിഫിക്കേഷന്‍’ വേറെയില്ല എന്ന് ചരിത്രം

0

നമ്മളെ ഭയപ്പെടുത്തിയ ഹോളിവുഡ് സിനിമ മമ്മിയുടെ കഥ ഓര്‍മ്മയില്ലേ. മരിച്ചു പോയ കാമുകിയെ പുനര്‍ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രേതമായ ഇമോതെപ്പിന്റെ കഥ. ഈ കഥയ്ക്കു സമാനമായ കാര്യങ്ങള്‍ ഈജിപ്തില്‍ നടന്നിട്ടുണ്ടെന്നതാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ‘അലറിക്കരയുന്ന മമ്മി’ എന്നു പേരിട്ട മമ്മിയില്‍ നിന്നാണ് ഇതു സംബന്ധിച്ച തെളിവുകള്‍ ഗവേഷകര്‍ക്കു ലഭിച്ചത്.

ബിസി 1290. ഈജിപ്തിൽ സെതി ഒന്നാമൻ ഫറവോയുടെ കാലം. അദ്ദേഹം വിവാഹം കഴിക്കാനുറപ്പിച്ചിരിക്കുന്ന അനക്–സു–നമുന്‍ എന്ന സുന്ദരിക്കു പക്ഷേ കൊട്ടാരം പുരോഹിതനായ ഇമോതെപ്പിനെ സ്നേഹിച്ചു.ഒരുനാള്‍ ഇരുവരെയും ഫറവോ കയ്യോടെ പിടികൂടി. എന്നാൽ ഫറവോയെ കൊലപ്പെടുത്തി സ്വയം കുത്തി മരിക്കുകയാണ് അനക്–സു–നമുന്‍ ചെയ്തത്. അവിടെ നിന്ന് രക്ഷപ്പെട്ട ഇമോതെപ് പിന്നീട് തന്റെ പ്രിയതമയുടെ മൃതദേഹം കല്ലറയിൽ നിന്ന് മോഷ്ടിച്ചു. ‘മരിച്ചവരുടെ നഗരമായ’ ഹമുനപ്ത്രയിൽ ആ മൃതദേഹം എത്തിച്ച് പ്രത്യേക കർമങ്ങൾ നടത്തി അനക്–സു–നമുനിനെ പുനർജനിപ്പിക്കാനായിരുന്നു ഇമോതെപ്പിന്റെ നീക്കം. പക്ഷേ ഫറവോയുടെ വിശ്വസ്ത കാവൽക്കാർ ആ പദ്ധതി തകർത്തു.

ഈജിപ്തിലെ ഏറ്റവും ക്രൂരമായ ശിക്ഷയാണ് അവർ ഇമോതെപ്പിനു വിധിച്ചത്. ജീവനോടെ മമ്മിയാക്കുക. പൊതിഞ്ഞു കെട്ടി അനുബിസ് ദൈവത്തിന്റെ പ്രതിമയുടെ താഴെ അടക്കം ചെയ്യുമ്പോൾ ഇമോതെപ്പിന്റെ കല്ലറയിലേക്ക് മനുഷ്യമാസം തിന്നുന്ന വണ്ടുകളെയും അവർ നിറച്ചു. വർഷങ്ങൾക്കപ്പുറം പര്യവേക്ഷകർ ആ മമ്മി കണ്ടെത്തുമ്പോൾ അലറിക്കരയുന്ന രീതിയിലായിരുന്നു അതിന്റെ രൂപം. ലോകം വിസ്മയത്തോടെ കണ്ട ‘ദ് മമ്മി’ എന്ന ചിത്രത്തിലെ ക്രൂരനായ വില്ലൻ ഇമോതെപ്പിനു പിന്നിലെ കഥയാണ് ഇത്. സംഗതി വെറും ഫിക്‌ഷൻ.

എന്നാൽ ഇമോതെപ്പിന്റെ കഥയ്ക്കു സമാനമായ കാര്യങ്ങൾ ഈജിപ്തിൽ നടന്നിട്ടുണ്ടെന്നതാണു സത്യം. ‘അലറിക്കരയുന്ന മമ്മി’ എന്നു പേരിട്ട മമ്മിയിൽ നിന്നാണ് ഇതു സംബന്ധിച്ച തെളിവുകൾ ഗവേഷകർക്കു ലഭിച്ചത്. 1886ലാണ് ഈ മമ്മി ഗവേഷകർക്കു ലഭിക്കുന്നത്. വായ തുറന്ന നിലയിലായിരുന്നു ഇതിനെ കല്ലറയിൽ നിന്നെടുത്തത്. മാത്രവുമല്ല തികച്ചും ‘വൃത്തിഹീനമായ’ രീതിയിലായിരുന്നു ‘മമ്മിഫിക്കേഷൻ’. സാധാരണ ഗതിയിൽ ലിനൻ തുണിയിൽ പൊതിഞ്ഞാണ് മമ്മികളെ തയാറാക്കുക. എന്നാൽ ‘അലറിക്കരയുന്ന മമ്മി’യുടെ കൈകൾ മൃഗങ്ങളുടെ തുകലിലാണു പൊതിഞ്ഞിരുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളാകട്ടെ ആട്ടിൻ തോലിലും.

ഈജിപ്തിലെ തടാകങ്ങളുടെ അടിത്തട്ടില്‍ നിന്നു ലഭിച്ചിരുന്ന ‘നാട്രോണ്‍’ എന്ന തരം ഉപ്പിലിട്ടായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. കുറച്ച് ഉപ്പ് മമ്മിയുടെ വായില്‍ നിന്നും കണ്ടെത്തി. രാജാക്കന്മാരുടെ കല്ലറയ്ക്കു സമീപത്തു തന്നെയായിരുന്നു ഇതിന്റെയും കല്ലറ. ഒരു കൂട്ടര്‍ മികച്ച രീതിയില്‍ മമ്മിയാക്കാന്‍ ശ്രമിച്ചപ്പോള്‍ മറുവിഭാഗം അതിനെ തടഞ്ഞ രീതിയിലായിരുന്നു ‘അലറിക്കരയുന്ന മമ്മി’യുടെ അവസ്ഥയെന്നാണു ഗവേഷകര്‍ പറയുന്നത്. ശരിക്കും മമ്മിഫിക്കേഷനിടെ ഒരു ‘പിടിവലി’ നടന്നതു പോലെ. 130 വര്‍ഷത്തിലേറെയായി ഗവേഷകരും ചിന്തിക്കുകയായിരുന്നു, എന്താണ് ഈ മമ്മിയുടെ പ്രത്യേകതയെന്ന്.പക്ഷേ ഒടുവിൽ കണ്ടെത്തി– വിഷപ്രയോഗം കാരണമല്ല, മറിച്ച് തൂക്കിക്കൊന്നതാണ് ആ മമ്മിയെ. കഴുത്തിനു ചുറ്റിലും കയർ മുറുകിയ പാട് കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്കു നയിച്ചത്.

മോശപ്പെട്ട രീതിയിൽ ‘മമ്മിഫിക്കേഷൻ’ നടത്താനുമുണ്ട് കാരണം. റേംസിസ് ഫറവോ മൂന്നാമന്റെ മകനായ പെന്റാവെർ രാജകുമാരന്റെ മമ്മിയാണ് ഇതെന്നാണു കണ്ടെത്തൽ. ഇരുവരുടെയും എല്ലുകളിൽ നിന്നെടുത്ത ഡിഎൻഎ പരിശോധിച്ചപ്പോഴാണ് ഈ ബന്ധം തിരിച്ചറിഞ്ഞത്. രണ്ടാം ഭാര്യയുടെ സഹായത്തോടെ സ്വന്തം പിതാവിനെ കൊലപ്പെടുത്താൻ രാജകുമാരൻ ശ്രമിച്ചതിന്റെ ശിക്ഷയാകാം അതെന്നാണു നിഗമനം. അതിക്രൂരമായ നിലയിലാണു റേംസിസ് കൊല്ലപ്പെട്ടത്. തൊണ്ട മുറിച്ച നിലയിലും കാൽവിരലുകൾ വെട്ടിയെടുത്ത നിലയിലുമായിരുന്നു. സിടി സ്കാനിലൂടെയാണ് ഇതു തിരിച്ചറിഞ്ഞത്.

ഏതാനും വര്‍ഷം മുന്‍പ് തുടക്കമിട്ട ഈജിപ്ഷ്യന്‍ മമ്മി പ്രോജക്ടിലൂടെയാണ് ‘അലറിക്കരയുന്ന മമ്മി’യുടെ രഹസ്യം കണ്ടെത്തിയത്. എന്നാല്‍ ഇപ്പോഴും പൂര്‍ണമായും ഇത് പെന്റാവെര്‍ രാജകുമാരന്റേതാണെന്നു ഗവേഷകര്‍ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഒരു കാര്യത്തില്‍ ഉറപ്പ് ഈജിപ്തിന്റെ ചരിത്രത്തില്‍ ഇത്രയും അസ്വാഭാവികവും നിഗൂഢവുമായ രീതിയില്‍ ഒരു ‘മമ്മിഫിക്കേഷന്‍’ നടന്നിട്ടില്ല!