തിരുവല്ലത്ത്‌ പെൺകുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊന്നു

0

തിരുവനന്തപുരം : തിരുവല്ലം പാച്ചല്ലൂരില്‍ 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തിൽ പിതാവ് പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങുകൾക്ക് ശേഷം നെടുമങ്ങാട്ടെ അമ്മയുടെ വീട്ടിൽ നിന്ന് തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണൻ ക്രൂരകൃത്യം നടത്തിയത്. ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേക്ക് കൊണ്ടുവന്നത്. കുഞ്ഞിനെ കാണാതായ സാഹചര്യത്തിൽ അമ്മയും അമ്മൂമ്മയും പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഉണ്ണികൃഷ്ണനെ ആറിന് സമീപത്ത് കണ്ടതായുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് അഗ്നിശമന സേന നടത്തിയ തെരച്ചിലിലാണ് ആറ്റിൽ നിന്ന് ബാസ്‌കറ്റിൽ അടച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.