തിരുവനന്തപുരത്ത് വിവാഹപ്പന്തലിൽ കൊലപാതകം: വധുവിന്റെ പിതാവിനെ അടിച്ചു കൊന്നു

0

തിരുവനന്തപുരം: മകളുടെ വിവാഹ ദിനത്തിൽ പിതാവിനെ വിവാഹപ്പന്തലിൽ അടിച്ചു കൊന്നു. തിരുവനന്തപുരം കല്ലമ്പലത്താണ് ദാരുണ സംഭവമുണ്ടായത്. വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെയാണ് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസിയും മകളുടെ സുഹൃ‍ത്തുമായ ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പുലർച്ചെ ഒരു മണിയോടെയാണു പൊലീസ് സ്റ്റേഷനിലേക്ക് ഇതു സംബന്ധിച്ച് ഫോൺ വന്നതെന്നു കല്ലമ്പലം പൊലീസ് അറിയിച്ചു. രാവിലെ പത്തരയോടെയാണ് രാജുവിന്റെ മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വിവാഹത്തലേന്ന് വീട്ടിൽ വിവാഹ സൽക്കാരമുണ്ടായിരുന്നു. ഇതിനു ശേഷം ആളുകളെല്ലാം വീടുകളിലേക്കു മടങ്ങിയതിനു പിന്നാലെയാണ് അയൽവാസികളായ ജിഷ്ണുവും സഹോദരൻ ജിജിനും രണ്ടു സുഹൃത്തുക്കളും ഇവിടേക്ക് എത്തിയത്. ഈ സമയത്ത് രാജുവും ഭാര്യയും വിവാഹിതയാകുന്ന മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. രാജുവിന്റെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല.

ഇവർ രാജുവും കുടുംബവുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. രാജുവിന്റെ മകളും ജിഷ്ണുവും തമ്മിൽ മുൻപ് അടുപ്പത്തിലായിരുന്നു. അതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. സംഘർഷത്തിനും കയ്യാങ്കളിക്കുമിടെ പെൺകുട്ടിയുടെ പിതാവിനെ ഇവർ മൺവെട്ടിയുമായി ആക്രമിച്ചു. ജിഷ്ണുവിന്റെ സഹോദരൻ ജിജിനാണ് മൺവെട്ടികൊണ്ട് രാജുവിനെ അടിച്ചു വീഴിച്ചത്. തലയ്ക്ക് അടിയേറ്റ രാജു നിലത്തുവീണു. ഇതിനു പിന്നാലെ നാലുപേരും ചേർന്ന് രാജുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയതോടെ ഇവർ ഇവിടെനിന്നു രക്ഷപ്പെട്ടു. രാജുവിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.