15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ കേസ്; ദമ്പതികൾക്കെതിരെ എസ്‍സി-എസ്ടി വകുപ്പും ചുമത്തി

0

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ 15 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ കേസിൽ പ്രതികൾക്കെതിരെ എസ് സി / എസ്ടി വകുപ്പ് കൂടി ചുമത്തി. പ്രതികളായ വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവർക്കെതിരെയാണ് നടപടി.

വില്ലേജ് ഓഫീസിൽ നിന്ന് പെൺകുട്ടിയുടെ ജാതി സർട്ടിഫിക്കറ്റ് കിട്ടിയ പശ്ചാത്തലത്തിലാണ് പുതിയ വകുപ്പ് കൂടി ചുമത്തിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് ദൃശ്യങ്ങൾ പണം കൊടുത്ത് വാങ്ങിയവരെ കണ്ടെത്താനാണ് ശ്രമം. പുനലൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.

കുളത്തൂപ്പുഴയിൽ 15 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ വിറ്റ ദമ്പതികൾക്കെതിരെ വകുപ്പ് കുടപ്പിക്കുകയാണ് പൊലീസ്. വിഷ്ണു അടുപ്പം സ്ഥാപിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വിഷ്ണു പെൺകുട്ടിയെ വീട്ടിലെത്തിച്ച് ലൈം​ഗികമായി പീഡിപ്പിക്കുകയും സ്വീറ്റി മൊബൈൽ ഫോണിൽ രം​ഗങ്ങൾ ഷൂട്ട് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പിന്നീട് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ വിറ്റു. പതിനായിരം രൂപയാണ് ദൃശ്യങ്ങൾ വിറ്റതിലൂടെ ലഭിച്ചതെന്നാണ് വിഷ്ണു പൊലീസിന് നൽകിയ മൊഴി. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും. എത്ര പേർക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ച് നൽകിയെന്ന് സൈബർ പൊലീസിന്‍റെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമം.