ഇന്ത്യയിലാദ്യമായി വനിതകള്‍ക്കൊരു സിനിമാസംഘടന; അമരത്ത് മഞ്ജുവും റിമയും പാര്‍വതിയും

0

അങ്ങനെ അത് സംഭവിച്ചു ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ആദ്യമായി വനിതകള്‍ക്കൊരു സിനിമാസംഘടന നിലവില്‍ വരുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് മഞ്ജു വാര്യര്‍, പാര്‍വതി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, ബിനാ പോള്‍, വിധു വിന്‍സന്റ്, ദീദി ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന്.

ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്. മലയാളത്തിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് നടിമാരുടെ സുരക്ഷയെക്കുറിച്ച് ഏറെ ആശങ്കകളും ചർച്ചയും ഉണ്ടായിരുന്നു. ഷൂട്ടിങിനിടെ നടിമാർ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന അമ്മ സംഘടനയുടെ നിർദ്ദേശം വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ചെങ്കൽചൂളയിൽ പുതിയ സിനിമയുടെ ഷൂട്ടിങിനെ മഞ്ജു വാര്യർക്ക് നേരെ ഭീഷണിയുണ്ടായി എന്നു വാർത്ത വന്നിരുന്നു. ഈ വാർത്ത പ്രചരിക്കുന്നതിനിടെയാണ് മഞ്ജുവിന്റെ നേതൃത്വത്തിൽ പുതിയൊരു സംഘടന മലയാളസിനിമയിൽ നിലവിൽ വരുന്നത്.

സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമാണ് സംഘടന രൂപീകരിക്കുന്നത്. നടിമാരെ കൂടാതെ മേക്ക്അപ് വുമൺ, ക്യാമറ വുമൺ, എഡിറ്റര്‍ അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ജോലി ചെയ്യുന്ന വനിതകൾ കൂട്ടായ്മയുടെ ഭാഗമാകാം. സംഘടനാ നേതൃത്വം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും.