ബെംഗളുരുവിൽ ആദ്യ കൊറോണ: യുഎസില്‍ നിന്ന് എത്തിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

0

ബെംഗളൂരു: കര്‍ണാടകത്തിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്ന് അടുത്തിടെ തിരിച്ചെത്തിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചതെന്ന് കര്‍ണാടക മെഡിക്കല്‍/വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇറ്റലിയിൽ നിന്ന് പഞ്ചാബിൽ മടങ്ങിയെത്തിയ മധ്യവയസ്കനും കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 45 ആയി.

മാര്‍ച്ച് ഒന്നിന് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം അമേരിക്കയിലെ ഓസ്റ്റിനില്‍നിന്ന് എത്തിയ വ്യക്തിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം വൈറസ് ബാധ സംശയിച്ച് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡീസീസസില്‍ സ്വമേധയാ എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകനെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്.

എന്‍ജിനീയറുടെ ഡ്രൈവറും ഭാര്യയും രണ്ട് മക്കളും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. എന്‍ജിനിയറുടെ കുടുംബവുമായി ഇടപഴകിയ 2000ത്തോളം പേരെ കണ്ടെത്തിയിട്ടുണ്ട്. വിമാനത്തില്‍ അവര്‍ക്കൊപ്പം യാത്രചെയ്ത 60 പേര്‍ അടക്കമുള്ളവരെയാണ് അധികൃതര്‍ കണ്ടെത്തിയിട്ടുള്ളത്.

കൊവിഡ് 19 ബാധ സ്ഥിരീകരിച്ച മറ്റ് സംസ്ഥാനസംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ദില്ലി, കേരളം എന്നിവയാണ്. ബെംഗളുരുവിൽ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും, അവർ പഠിക്കുന്ന സ്കൂളുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചു.