ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ് അന്തരിച്ചു

0

ഷിംല: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിങ് (87) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന വീരഭദ്ര സിങ് ഇന്ന് പുലര്‍ച്ചെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്.

തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായി. തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. ഒമ്പത് തവണ എംഎല്‍എയും അഞ്ചു തവണ എംപിയുമായിട്ടുള്ള വീരഭദ്ര സിങ് ആറ് തവണ ഹിമാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. ജൂണ്‍ 11-ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹത്തെ കോവിഡ് പിടികൂടുന്നത്. ഏപ്രില്‍ 12-നാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ പ്രതിഭ സിങും മകന്‍ വിക്രമാദിത്യ സിങും രാഷ്ട്രീയ പ്രവര്‍ത്തകരാണ്. പ്രതിഭാ സിങ് മുന്‍ എംപിയായിരുന്നു. മകന്‍ വിദ്രമാദിത്യ ഷിംല റൂറലിലെ എംഎല്‍എയാണ്. വീരഭദ്ര സിങ് കേന്ദ്ര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.