കേന്ദ്രസർക്കാരിൽ അഴിച്ചു പണി: മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയാകും

0

ഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പുനസംഘടന ഇന്ന് വൈകിട്ട് നടക്കും. ആറ് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് അറിയിപ്പ്. ഏതാനും മന്ത്രിമാരെ ഒഴിവാക്കിയും ചില സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയും 25 ഓളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയുമാകും രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ വികസനം.

പുതുമുഖങ്ങളും പ്രമോഷൻ കിട്ടിയ സഹമന്ത്രിമാരുമടക്കം 43 പേർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. പുനസംഘടനയില്‍ 28 പുതുമുഖങ്ങള്‍ ഇടംപിടിച്ചേക്കും. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ചെറുപ്പമേറിയ മന്ത്രിസഭയായി രണ്ടാം മോദി സ‍ർക്കാ‍ർ പുനസംഘടനയോടെ മാറുമെന്നും 13 വനിതകളെങ്കിലും പുനസംഘടനയുടെ ഭാ​ഗമായി മന്ത്രിമാരാവും എന്നും റിപ്പോ‍ർട്ടുകളുണ്ട്.

പ്രമുഖ വ്യവസായിയും കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംവും മലയാളിയുമായ രാജീവ് ചന്ദ്രശേഖറും മന്ത്രിയാകും. കേരളത്തിലെ എന്‍ഡിഎ വൈസ്‌ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.

മന്ത്രിസഭാ പുനസംഘടനുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പുരോ​ഗമിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവ‍ർ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ എത്തിയിട്ടുണ്ട്.