എയ്ഞ്ചൽ വോയ്സ് ഡയറക്റ്റർ ഫാ.കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു

0

മൂവാറ്റുപുഴ: ഏയ്ഞ്ചൽ വോയ്സ് ഗാനമേള ട്രൂപ്പിന്റെ ഡയറക്റ്ററും ഗായകനുമായ ഫാ. കുര്യാക്കോസ് കച്ചിറമറ്റം(79) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് എറണാകുളം ലിസി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. മൂവാറ്റുപുഴ ടൗൺ പള്ളിയിൽ തിങ്കളാഴ്ച 11ന് ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രണ്ടിന് സംസ്കാരം നടക്കും.

മൂന്ന് പതിറ്റാണ്ടിലേറെ പള്ളിമുറ്റങ്ങളെയും ഉത്സവപറമ്പുകളെയും മറ്റ് ആഘോഷ വേദികളെയും ഗാനവിസ്മയത്താൽ ആറാടിച്ച മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് ഗാനമേള ട്രൂപ്പിനൊപ്പം സജീവ സാന്നിധ്യമായിരുന്നു ഫാ. കുര്യാക്കോസ്. അദ്ദേഹത്തിന്‍റെ ഗാനത്തോടെയായിരുന്നു ഗാനമേള പലപ്പോഴും ആരംഭിച്ചിരുന്നത്. കേരളത്തിലും പുറത്തും നിരവധി വേദികളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. 1967ല്‍ പൗരോഹിത്യം സ്വീകരിച്ചതിന് ശേഷം കോതമംഗലം കത്തീഡ്രലില്‍ അസി. വികാരിയായി സേവനം അനുഷ്ഠിക്കുമ്പോഴാണ് കലാപരമായ പ്രവര്‍ത്തനങ്ങളിലേക്ക് ഫാ. കുര്യാക്കോസ് എത്തുന്നത്. അയ്യായ്യിരത്തിലധികം വേദികളില്‍ ഫാ. കുര്യാക്കോസ് പാടിയിട്ടുണ്ട്.

നാടുകാണി ഇടവകയില്‍ പ്രവര്‍ത്തിക്കുമ്പോളാണ് ചര്‍ച്ച് ക്വയര്‍ എന്ന പേരില്‍ ഏയ്ഞ്ചല്‍ വോയ്‌സ് ട്രൂപ്പ് ആരംഭിക്കുന്നത്. പിന്നീട് കേരളത്തിലെ പെരുനാൾ -ഉത്സവാഘോഷങ്ങളിൽ തലയെടുപ്പുള്ള ഗാനമേള ട്രൂപ്പെന്ന നിലയിലേക്ക് ഏയ്ഞ്ചല്‍ വോയ്‌സ് മാറുകയായിരുന്നു. ഒപ്പം അദ്ദേഹം ആരംഭിച്ച സംഗീത വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ നിരവധി പേർ കലാലോകത്തേക്കെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.