ഇന്ധനവിലയും മുതലക്കണ്ണീരും

0

പ്രതിഷേധം ശക്തമാകുന്നുണ്ടെന്ന് ഒടുവിൽ മോദി സർക്കാറിനു തിരിച്ചറിവ് ഉണ്ടായിരിക്കുന്നു. പേരിനെങ്കിലും ഇന്ധനവിലയിൽ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജനരോഷത്തിന് മുമ്പിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കിയതാണെന്ന് കരുതാൻ ന്യായമില്ല. രാഷ്ടീയ നിലനില്പിന് ഇത്തരം ചില ഗിമ്മിക്കുകൾ അനിവാര്യമായിത്തീരുന്നു എന്നതാണ് യാഥാർത്ഥ്യം. നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകിയ സൂചനകൾ കേന്ദ്ര ഭരണകക്ഷിക്ക് എതിരെ വിരൽ ചൂണ്ടുന്നതായിരുന്നു. ബംഗാളിലും ആദിത്യ യോഗിയുടെ യു.പി യിൽ പോലും ജനങ്ങൾ ബി.ജെ.പിക്ക് എതിരെ വിധിയെഴുതുന്ന രാഷ്ട്രീയ കാഴ്ചയാണ് രാഷ്ട്രീയ ലോകം വീക്ഷിച്ചിരുന്നത്. മാത്രമല്ല ഗോവയടക്കമുള്ള ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനാരിക്കുകയുമാണ്.

അപ്പോൾ ഉപതെരഞ്ഞെടുപ്പ് നൽകിയ രാഷ്ടീയ സന്ദേ ശം അവഗണിക്കാൻ കഴിയില്ല. ഗത്യന്തരമില്ലാതെ കേന്ദ്ര സർക്കാറിന് ഇന്ധന വില കുറക്കേണ്ടി വന്നതാണ്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന സർക്കാറുകൾ സംസ്ഥാന നികുതിയിലും ഇളവ് നല്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുജനത്തിന് ഇത് ആശ്വാസമായി തീരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ജനതാല്പര്യം മാനിച്ചു കൊണ്ടുള്ള തീരുമാനം എടുക്കാൻ കേരളത്തിലെ ഇടത് പക്ഷ സർക്കാർ തയ്യാറാകുന്നില്ല എന്നത് ലജ്ജാകരം തന്നെയാണ്. ഇന്നലെ വരെയും ഇന്ധന വിലയിലെ വർദ്ധനവിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തിയ സംസ്ഥാന സർക്കാറിൻ്റെ അഭിപ്രായത്തിൻ്റെ സത്യസന്ധതയും ആർജ്ജവവും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്.

ഇടത് പക്ഷത്തിൻ്റേത് മുതലക്കണ്ണീരാണെന്ന് തന്നെ പറയേണ്ടി വരും. കേരളത്തിന് സാമ്പത്തിക വിഷമതകൾ ഉണ്ടെന്ന യാഥാർത്ഥ്യം മറക്കുന്നില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധി ജനങ്ങൾക്ക് ലഭിക്കാനുള്ള ന്യായമായ അവകാശം നിഷേധിക്കുന്ന തരത്തിലായിരിക്കരുത്. കേന്ദ്ര തീരുമാനത്തിന് ശേഷം തീരുമാനമെടുത്ത ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങൾ ചെയ്തതു പോലെ കേരളത്തിലെ ഇടത് പക്ഷ സർക്കാറിന് ഇത് ആർജ്ജവം തെളിയിക്കാനുള്ള അവസരമാണ്.

ജനതാല്പര്യം തന്നെയാണ് ജനാധിപത്യത്തിൻ്റെ അന്തസ്സത്തയെന്ന് സംസ്ഥാന ഭരണകൂടം മറന്ന് പോകുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. തുടർ ഭരണം എന്നത് ജനങ്ങളെ പിഴിയാനുള്ള അവസരമായി കാണുന്നത് ശരിയല്ല. വിവേകപൂർണ്ണമായ തീരുമാനം എടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകേണ്ടതുണ്ട്. രാഷ്ടീയ കളികൾക്ക് ഇനിയും അവസരമില്ല.