ചരിത്ര നിമിഷം: സൗദി അറബ്യയിൽ ചരിത്രം കുറിച്ച് സ്‍പോർട്സ് ക്ലബ് പ്രസിഡന്റ് ആയി വനിത

0

റിയാദ്: തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ സൗദി യുവതി ഹനാൻ അൽഖുറശിയെ സ്‌പോർട്‌സ് മന്ത്രാലയം നിയമിച്ചു. വജ് ക്ലബ്ബ് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടാണ് ആക്ടിംഗ് പ്രസിഡന്റ് ആയി ഹനാൻ അൽഖുറശിയെ മന്ത്രാലയം നിയമിച്ചത്. സൗദിയിൽ സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ നിയമിതയാകുന്ന പ്രഥമ വനിതയായി ഹനാൻ ചരിത്രത്തിൽ ഇടം നേടി.

സ്‌പോർട്‌സ് മന്ത്രാലയത്തിനു കീഴിലുള്ള ക്ലബ്ബുകളിൽ ഒന്നായ തായിഫിലെ വജ് ക്ലബ്ബ് ഹിജ്‌റ വര്‍ഷം 1396ൽ ആണ് സ്ഥാപിതമായത്. തായിഫിലെ ഏറ്റവും പ്രശസ്തവും മികച്ചതുമായ ക്ലബ്ബുകളിൽ ഒന്നാണിത്. 2017 സീസണിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകൾക്കുള്ള പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ലീഗിൽ വജ് ക്ലബ്ബ് പങ്കെടുത്തിരുന്നു. തുടക്കം മുതൽ വജ് ക്ലബ്ബ് തേഡ് ഡിവിഷൻ ക്ലബ്ബുകളുടെ കൂട്ടത്തിലായിരുന്നു. പിന്നീട് സെക്കന്റ് ഡിവിഷൻ ക്ലബ്ബുകളിലേക്കും തുടർന്ന് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളിലേക്കും ഉയർന്നു. വീണ്ടും ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് ലീഗിലേക്കും പിന്നീട് പ്രീമിയർ ഡിവിഷൻ ക്ലബ്ബ് ലീഗിലേക്കും ഉയരാനാണ് വജ് ക്ലബ്ബ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

2021ൽ ആണ് ഹനാൻ അൽഖുറശി ആദ്യമായി വജ് ക്ലബ്ബ് ഡയറക്ടർ ബോർഡിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്. അന്ന് ഹനാന് 100 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ വർഷം ഇവർ വജ് ക്ലബ്ബ് വൈസ് പ്രസിഡന്റ് പദവിയിൽ നിയമിതയായി. ബാച്ചിലർ ബിരുദധാരിയായ ഹനാൻ അൽഖുറശിക്ക് സ്‌പോർട്‌സ് മേഖലയിലുള്ള താത്പര്യമാണ് സ്‌പോർട്‌സ് ക്ലബ്ബ് ഡയറക്ടർ ബോർഡ് അംഗത്വത്തിന് അപേക്ഷ സമർപ്പിക്കാനും മത്സരിക്കാനും പ്രചോദനമായത്.

സ്വീഡിഷ് അക്കാദമിയുടെ അംഗീകാരമുള്ള ഡിപ്ലോമ നേടിയ ബിസിനസുകാരി കൂടിയാണ് ഹനാൻ അൽഖുറശി. ഒപ്പം പ്രൊഫഷനൽ ഫിറ്റ്‌നസ് ട്രെയിനർ ലൈസൻസ് നേടിയിട്ടുമുണ്ട്. പേഴ്‌സണൽ ട്രെയിനർ, ന്യൂട്രീഷൻ-സ്‌പോർട്‌സ് ഇഞ്ചുറി സ്‌പെഷ്യലിസ്റ്റ് എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു