ശക്തമായ മഴയില്‍ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു; ആതിപ്പള്ളി വിനോദസഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് താല്‍ക്കാലികമായി വിലക്ക്

0

ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യും. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കനത്ത മഴയ്ക്ക് കാരണം.

പാലക്കാട് മംഗലം ഡാമിന്റെ ആറു ഷട്ടറുകള്‍ ഉയര്‍ന്നു. ഡാമിന്റെ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചു. നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമുകളുടെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. നെയ്യാര്‍ ഡാമിലെ നാലു ഷട്ടറുകളാണ് തുറന്നത്. പോത്തുണ്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ അയിലൂര്‍, മംഗലം, ഗായത്രി പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി വര്‍ദ്ധിച്ചതോടെ ആതിപ്പള്ളി വിനോദസഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തി. വെള്ളച്ചാട്ടത്തിന്റെ ശക്തികുറഞ്ഞാല്‍ മാത്രമെ ഇവിടേക്കുള്ള പ്രവേശനം അനുവദിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. അതിരപ്പള്ളി- മലക്കപ്പാറ റോഡില്‍ വാഹനഗതാഗതം നിരോധിച്ചു.

 ഇടുക്കി ഡാമിന്റെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് കെഎസ്ഇബിയും അറിയിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശത്തുനിന്നും ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. അതിനാല്‍ ഡാമിന്റെ ജലനിരപ്പ് ഉയരുന്നതിന്റെ തോത് കുറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട അടിയന്തര സാഹചര്യം ഇല്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.