പ്രതിസന്ധിയിലായി പ്രവാസികൾ: ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വര്‍ധനവ്

1

മസ്‌കറ്റ്: കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഭാഗമായി ഒമാന്‍ നടപ്പിലാക്കിയിരുന്ന യാത്രാവിലക്ക് ഓഗസ്റ്റ് 31ന് അവസാനിക്കുകയാണ്. സെപ്തംബര്‍ ഒന്നുമുതല്‍ ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് നിബന്ധനകളോട് കൂടി രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ സാധിക്കും. എന്നാല്‍ വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനവ് മൂലം ആശങ്കയിലായിരിക്കുകയാണ് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍.

2021 ഏപ്രില്‍ 24 മുതലാണ് ഒമാന്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 129 ദിവസത്തിനു ശേഷം കേരളത്തില്‍ നിന്നും ഒമാനിലേക്ക് മടങ്ങുന്ന ഓരോ പ്രവാസിക്കും കൊവിഡ് ദുരന്തത്തെക്കാള്‍ നേരിടുന്ന പ്രതിസന്ധിയാണ് വിമാനകമ്പനികളില്‍ നിന്നും നേരിടേണ്ടി വരുന്നത്. ‘യാത്രാ വിലക്ക് അവസാനിപ്പിച്ചുവെന്ന ഒമാന്‍ സര്‍ക്കാരിന്റെ വാര്‍ത്ത സന്തോഷം നല്‍കുന്നതാണ്, എന്നാല്‍ ടിക്കറ്റ് വിലയാണിപ്പോൾ പ്രവാസികളെ ആശങ്കയിലാക്കുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സെപ്തംബര്‍ മാസത്തെ കൊച്ചി മസ്‌കറ്റ് ടിക്കറ്റ് നിരക്ക് പരസ്യപ്പെടുത്തിയിരിക്കുന്നത് 340 ഒമാനി റിയാലും മറ്റ് അധിക ചാര്‍ജുകളും എന്നാണ്. എന്നാല്‍, മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള സെപ്തംബര്‍ പതിനഞ്ചു വരെയുള്ള ടിക്കറ്റു നിരക്ക് നൂറു ഒമാനി റിയാല്‍ മുതല്‍ നൂറ്റി നാല്പതു റിയാല്‍ മാത്രമാണ്.

പതിനായിരകണക്കിന് പ്രവാസികളാണ് കേരളത്തില്‍ നിന്നും ഒമാനിലേക്ക് തിരിച്ചു വരുവാനായി കാത്തിരിക്കുന്നത്. എന്നാൽ ഏകദേശം 2 ലക്ഷം രൂപയോളം ഉണ്ടെങ്കിലേ മിക്കകുടുംബങ്ങൾക്കും യാത്രചെയ്യാൻ സാധിക്കുകയുള്ളു.

കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ 2020 ഒക്ടോബര്‍ 1 മുതല്‍ വ്യവസ്ഥകള്‍ക്കനുസൃതമായി വിമാന സര്‍വീസുകള്‍ നടത്തുവാന്‍ ഇന്ത്യയും ഒമാനും ‘എയര്‍ ബബിള്‍’ എന്ന യാത്രാ ക്രമീകരണങ്ങള്‍ സംയുക്തമായി പ്രഖ്യാപിക്കുകയായിരുന്നു. കൊവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സര്‍വീസുകള്‍ പുനരാംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക ഇടപാടാണ് എയര്‍ ബബിള്‍ സംവിധാനംഇരുരാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് സര്‍വീസുകള്‍ നടത്തി വരുന്നതും.’എയര്‍ ബബിള്‍’ കരാര്‍ അനുസരിച്ചു ഇന്ത്യയില്‍ നിന്ന് ഓമനിലേക്കും തിരിച്ചു ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കും എയര്‍ ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഒമാന്‍ എയര്‍, സലാം എയര്‍ എന്നീ കമ്പനികള്‍ക്ക് മാത്രമേ സര്‍വീസുകള്‍ നടത്തുവാന്‍ അനുവാദമുള്ളൂ.

എയര്‍ ഇന്ത്യ ,എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സംയുക്തമായി 6000 സീറ്റുകളും , ഒമാന്‍ ഭാഗത്ത് നിന്നും 3500 സീറ്റുകള്‍ ഒമാന്‍ എയറും , 2500 സീറ്റുകള്‍ സലാം എയറും കൂടി പ്രതിവാരം 12000 സീറ്റുകളാണ് ‘എയര്‍ ബബിള്‍’ കരാര്‍ അനുസരിച്ചു അനുവദിച്ചിട്ടുള്ളത്. സെപ്തംബര്‍ ഒന്ന് മുതല്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒന്നുകില്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയോ അല്ലെങ്കില്‍ മറ്റു വിമാന കമ്പനികള്‍ക്ക് കൂടി സര്‍വീസിന് അനുവാദം നല്‍കുകയോ ചെയ്‌തെങ്കില്‍ മാത്രമേ ടിക്കറ്റ് നിരക്കില്‍ കുറവ് ഉണ്ടാകുവാന്‍ സാധ്യതയുള്ളു.