ഫിദല്‍ കാസ്‌ട്രോ; കീഴ്‌പ്പെടുത്താനാകാത്ത വിപ്ലവകാരി, അതിജീവിച്ചത് 634 വധശ്രമങ്ങള്‍

0

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോയെ മരണത്തിനു പോലും കീഴ്പെടുത്താന്‍ കഴിയാത്ത വിപ്ലവകാരി എന്ന് വിളിക്കാം .കാരണം ജീവിച്ചിരുന്ന കാലം അദ്ദേഹം അതിജീവിച്ചത് ശത്രുക്കളുടെ 634 വധശ്രമങ്ങള്‍ ആണ് എന്നത് ഞെട്ടിക്കുന്ന സത്യമാണ് . ഫിദല്‍ കാസ്‌ട്രോ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെന്നും കടുത്ത വെല്ലുവിളിയായിരുന്നു. അതിനാല്‍ കാസ്‌ട്രോയെ ഇല്ലായ്മ ചെയ്യാന്‍ അമേരിക്കന്‍ ചാരസംഘടന സിഐഎ നിരന്തരം ശ്രമിച്ചിരുന്നു.പതിറ്റാണ്ടുകളോളം ക്യബന്‍ ജനതയെ നയിച്ച ഫിഡലിന് നേരെ 634 വധശ്രമമാണ് അമേരിക്ക നടത്തിയിരുന്നത്. 1958നും 2000ത്തിനുമിടയിലായിരുന്നു ഇത്.

വിഷം ഒളിപ്പിച്ച ചുരുട്ടുകളും വിഷ ഗുളികകളും പെന്‍സിറിഞ്ചുമെല്ലാം സിഐഎ ആയുധമാക്കി.പക്ഷെ ഒന്നിനും കാസ്‌ട്രോയെ കീഴടക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല അദ്ദേഹം തന്റെ പോരാട്ടം ശക്തമാക്കുകയും ചെയ്തു .‘നിങ്ങള്‍ ക്യൂബയെ ആക്രമിക്കുകയാണെങ്കില്‍ ഒരു പിടി ചുവന്ന മണ്ണ് മാത്രമേ ലഭിക്കുകയുള്ളു’വെന്ന് പറഞ്ഞ കാസ്‌ട്രോ ക്യൂബന്‍ ജനതക്ക് മാത്രമല്ല ലോകത്തിലെ പൊരുതുന്ന മനുഷ്യര്‍ക്കും ആവേശമാണ്. .ക്യൂബന്‍ ജനതയെ ചെറുത്തുനില്‍പും പോരാട്ടവും പഠിപ്പിച്ച വിപ്ലവകാരി എന്ന് തന്നെ അദ്ദേഹത്തെ വിളിക്കാം .

ക്യൂബന്‍ വിപ്ലവ നക്ഷത്രത്തിന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഈ വധശ്രമങ്ങള്‍ കാരണമായി. ഓഫീസിലെ ആദ്യ കാലത്ത് ഒറ്റയ്ക്ക് ക്യൂബന്‍ തെരുവുകളിലൂടെ സഞ്ചരിച്ചിരുന്ന കാസ്‌ട്രോ പിന്നീട് ഈ ശീലം ഒഴിവാക്കി. യാത്രകളില്‍ രൂപസാദൃശ്യമുള്ള വ്യക്തികളെ (ഡബിള്‍സ്) ഉപയോഗിച്ച് തുടങ്ങി. പതിറ്റാണ്ടുകള്‍ ക്യൂബയിലെ പലയിടങ്ങളിലായി മേല്‍വിലാസം മാറികൊണ്ടിരുന്നു. എന്നിരുന്നാലും ഒരു വധശ്രമങ്ങള്‍ക്കും കീഴ്‌പ്പെടുത്താനാവാതെ 90ാം വയസുവരെ കാസ്‌ട്രോ പോരാട്ടം തുടര്‍ന്നു.ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനങ്ങളെ സംബന്ധിച്ചും ഫിഡല്‍ കാസ്‌ട്രോ എന്നുമൊരു ആവേശം തന്നെയാണ്. സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കളുമായും കാസ്‌ട്രോയ്ക്ക് സൗഹൃദമുണ്ടായിരുന്നു.