ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരം 20 കഷണങ്ങളാക്കി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു

0

കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിൽ ഉപേക്ഷിച്ച കുവൈത്തി പൗരൻ അറസ്റ്റിലായി. ശരീരഭാഗങ്ങള്‍ 20 കഷണങ്ങളാക്കി വെട്ടിമുറിച്ച് രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലുള്ള ചവറ്റുകുട്ടകളില്‍ എന്നാല്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. വ്യാപക അന്വേഷണം നടത്തിയിട്ടും മൃതദേഹത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

കാണാതായ സ്‍ത്രീയുടെ സഹോദരി അടുത്തിടെ പൊലീസിനെ സമീപിച്ചതാണ് സംഭവം പുറം ലോകം അറിയാന്‍ ഇടയായത്. തന്റെ സഹോദരിയെ ഏഴ് മാസത്തിലധികമായി കാണാനില്ലെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ സഹോദരി എവിടെയാണെന്ന് അറിയില്ലെന്നും എന്ത് സംഭവിച്ചുവെന്നതിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ഇവര്‍ പറഞ്ഞു. നേരത്തെ വിവാഹിതയായിരുന്ന സ്ത്രീ പിന്നീട് വിവാഹ മോചനം നേടുകയും ഒറ്റയ്ക്ക് താമസിക്കുകയുമായിരുന്നു. അടുത്തിടെ തന്റെ രണ്ട് മക്കളുടെ വിവാഹം നടന്നപ്പോള്‍ സഹോദരി എത്തിയില്ലെന്നും അതാണ് സംശയം തോന്നാന്‍ കാരണമെന്നും പരാതിയില്‍ പറഞ്ഞു.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ഇവര്‍ മറ്റൊരു കുവൈത്തി പൗരനെ രഹസ്യമായി വിവാഹം ചെയ്‍തിരുന്നുവെന്നും അക്കാര്യം തനിക്കല്ലാതെ മറ്റ് ബന്ധുക്കള്‍ക്കൊന്നും അറിയില്ലായിരുന്നുവെന്നും പരാതിക്കാരി അറിയിച്ചതാണ് കേസില്‍ നിര്‍ണായകമായത്. പൊലീസ് ഉടന്‍ തന്നെ രണ്ടാം ഭര്‍ത്താവിനെ ചോദ്യം ചെയ്‍തു. എന്നാല്‍ ഭാര്യയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും കുറച്ചുനാള്‍ മുമ്പ് സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് തന്റെ അടുത്ത് നിന്ന് പോയതാണെന്നും പിന്നീട് മടങ്ങി വന്നിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ മറുപടിയില്‍ സംശയം തോന്നിയതോടെ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്‍തു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കാണാതായ യുവതിയെ ഇയാള്‍ ഒക്ടോബറിന് ശേഷം പിന്നീട് വിളിച്ചിട്ടേ ഇല്ലെന്ന് മനസിലായി. ഇതോടെ തിരോധാനത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു.

കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷണങ്ങളാക്കി കാറില്‍ കയറ്റി രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ സഞ്ചരിച്ച് അവിടങ്ങളിലുള്ള ചവറ്റുകുട്ടകളില്‍ ഓരോ കഷണങ്ങളായി ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. വാഹനം ഫോറന്‍സിക് പരിശോധന നടത്തിയപ്പോള്‍ കൊല്ലപ്പെട്ട സ്‍ത്രീയുടെ മുടിയും മറ്റ് ചില ശരീര ഭാഗങ്ങളും കണ്ടെടുത്തു. എന്നാല്‍ വ്യാപക തെരച്ചില്‍ നടത്തിയിട്ടും മൃതദേഹത്തിന്റെ ഭാഗങ്ങളൊന്നും കണ്ടെടുക്കാനായില്ല. ഇതിനായി അന്വേഷണം തുടരുകയാണ്.