പൊരുതി വീണ് കേരള ബ്ലാസ്‌റ്റേഴ്‌സ്:ഷൂട്ടൗട്ടിൽ താരമായി കട്ടിമണി

0

പനാജി: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഐഎസ്എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനെ (3-1) തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കി. മൂന്നാം ഫൈനലിൽ ഭാഗ്യം തേടിയെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് വീഴ്ത്തിയാണ് ഹൈദരാബാദ് ആദ്യമായി ഐ.എസ്.എൽ കിരീടം ചൂടിയത്. കിരീടത്തോളം പോന്ന റണ്ണറപ്പുമായാണ് മഞ്ഞപ്പടയുടെ മടക്കം.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മൂന്ന് കിക്കുകള്‍ രക്ഷപ്പെടുത്തിയ ലക്ഷ്മികാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ മിന്നും താരം. ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കാണാനായത്. നിശ്ചിത സമയത്തും അധിക സമയത്തും സ്കോർ 1-1 ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ജംഷഡ്പുരിനെതിരായ രണ്ടാംപാദ സെമി കളിച്ച ടീമില്‍നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇവാന്‍ വുകോമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സ് എത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളോടെയാണ് കളി തുടങ്ങിയത്. ആദ്യ പകുതിയുടെ ഇൻജറി സമയത്ത് ഹൈദരാബാദ് മത്സരത്തിലെ ആദ്യ ഗോളിനു തൊട്ടരികിലെത്തിയെങ്കിലും ഗോൾ കീപ്പർ പ്രഗല്ഭൻ ഗിൽ കേരളത്തിന്റെ രക്ഷകനായി. പരുക്കിന്റെ പിടിയിലായ ജോയൽ ചിയാനെസെക്കു പകരം 39–ാം മിനിറ്റിൽ കളത്തിലിറങ്ങിയ ഹവിയർ സിവേറിയോയുടെ തകര്‍പ്പൻ ഡൈവിങ് ഹെഡർ ഗിൽ പണിപ്പെട്ടാണു തട്ടിയകറ്റിയത്. ഫ്രീകിക്കിൽനിന്നു ലഭിച്ച പന്ത് ലക്ഷ്യമാക്കി ബോക്സിലേക്കു കുതിച്ചു കയറിയ സിവേറിയോ ഡൈവിങ് ഹെഡറിലൂടെ പന്ത് പോസ്റ്റിലേക്കു തിരിച്ചുവിട്ടെങ്കിലും ഗില്ലിന്റെ അവിസ്മരണീയ സേവ്!

ഹൈദരാബാദിനായി ഹാളിചരണ്‍ നര്‍സാരി, ഖാസ കമാറ, ജാവോ വിക്ടര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. സിവെറിയോയുടെ ഷോട്ട് പുറത്തേക്ക് പോയി. നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തത്. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഒപ്പമെമെത്തുകയായിരുന്നു. പിന്നീട് ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല.

നിശ്ചിതസമയം അവസാനിക്കവേ ഇരുടീമുകളും തുല്യത പാലിച്ചതോടെ കളി അധികസമയത്തേക്ക് നീണ്ടു. അധികസമയത്തും സ്‌കോര്‍ തുല്യമായതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. എ.ടി.കെ മോഹ്വൻ ബഗാൻ, ചെന്നൈയിൻ എഫ്.സി, ബംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നീ ടീമുകൾക്ക് ശേഷം ഐ.എസ്.എൽ ജേതാക്കളാകുന്ന അഞ്ചാമത്തെ ടീമാണ് ഹൈദരാബാദ്.