ഐ ക്വിറ്റ്’; ബ്രിജ് ഭൂഷന്റെ അനുയായി സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷന്‍ തലപ്പത്ത്; കരിയര്‍ വിട്ട് സാക്ഷി മാലിക്

0

ഗുസ്തി താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ആരോപണവിധേയനായ ബിജെപി നേതാവ് ബ്രിജ് ഭൂഷന്‍ ചരണ്‍ സിംഗിന് പകരക്കാരനായി ഗുസ്തി ഫെഡറേഷന്‍ തലപ്പത്തെത്തിയത് ബ്രിജ് ഭൂഷന്റെ വിശ്വസ്തന്‍ സഞ്ജയ് സിംഗ്. ഇതിന് പിന്നാലെ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഏറെ വൈകാരികമായായിരുന്നു സാക്ഷിയുടെ പടിയിറങ്ങല്‍.

തീര്‍ത്തും അപ്രതീക്ഷിതമായി തന്റെ ബൂട്ട്‌സുകള്‍ പ്രസ് ക്ലബ്ബില്‍ ഉപേക്ഷിച്ച് കരഞ്ഞുകൊണ്ട് സാക്ഷി വിരമിക്കുകയായിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്രം പാലിച്ചില്ലെന്ന് സാക്ഷി കുറ്റപ്പെടുത്തി. ബജ്‌റംഗ് പുനിയയും വിനയ് ഫോഗട്ടും സാക്ഷി മാലിക്കും ഒരുമിച്ചാണ് ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്.

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെന്ന് സാക്ഷി മാലിക് ചൂണ്ടിക്കാട്ടി. ഫെഡറേഷനെതിരായ പോരാട്ടം വരും തലമുറ തുടരുമെന്നും സാക്ഷി മുന്നറിയിപ്പ് നല്‍കി. 40 ദിവസത്തോളം തങ്ങള്‍ തെരുവില്‍ സമരം ചെയ്‌തെന്നും എന്നിട്ടും ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പിനൊടുവില്‍ ബ്രിജ് ഭൂഷന്റെ ബിസിനസ് പങ്കാളി തന്നെ ഫെഡറേഷന്‍ തലപ്പത്തെത്തിയെന്നും താന്‍ കരിയര്‍ വിടുകയാണെന്നും സാക്ഷി അറിയിച്ചു. നീതിയ്ക്കായി തുടര്‍ന്നും പോരാടുമെന്നും ഗുസ്തി താരങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

2016ലെ റിയോ ഒളിംപിക്‌സില്‍ 58 കിലോ ഫ്രീ സ്റ്റൈലില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ താരമാണ് സാക്ഷി മാലിക്. ഗുസ്തി മത്സരത്തില്‍ ഒളിംപിക്‌സ് മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയും ഒളിംപിക്‌സ് മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് സാക്ഷി മാലിക്.