പരീക്ഷാ ഹാളിൽ 500 പെൺകുട്ടികൾ; ബോധംകെട്ടു വീണ് 17കാരൻ

0

ബിഹാർ സുന്ദർഗഡിലെ ബ്രില്യന്റ് കോൺവെന്റ് സ്‌കൂളിലെ പരീക്ഷാ ഹാൾ നിറയെ പെൺകുട്ടികളെ കണ്ടതോടെ 17കാരൻ ബോധംകെട്ടുവീണു. അഞ്ഞൂറോളം പെൺകുട്ടികളാണ് പരീക്ഷാ ഹാളിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇത്രയധികം പെൺകുട്ടികളെ പരീക്ഷാ ഹാളിൽ കണ്ടതോടെയാണ് വിദ്യാർത്ഥി ആശയക്കുഴപ്പത്തിലായത്. അഞ്ഞൂറോളം പെൺകുട്ടികളുടെ ഒപ്പം ഇരുന്നാണ് താൻ പരീക്ഷ എഴുതേണ്ടതെന്ന ചിന്തയിലാണ് 17കാരൻ തലകറങ്ങി വീണത്.

പരീക്ഷാ സീസണിന്റെ ആദ്യ ദിവസം ഗണിതശാസ്ത്ര പരീക്ഷ എഴുതാനെത്തിയ ബിഹാറിലെ ഷരിഫ്സ് അല്ലാമ ഇക്ബാൽ കോളജിലെ വിദ്യാർത്ഥിയായ മനീഷ് ശങ്കർ പ്രസാദാണ് (17) തലകറങ്ങി വീണത്. സുന്ദർഗഡിലെ ബ്രില്യന്റ് കോൺവെന്റ് സ്‌കൂളിലായിരുന്നു വിദ്യാർത്ഥിയുടെ പരീക്ഷാ കേന്ദ്രം. പരീക്ഷാ സെന്ററിലെത്തിയപ്പോഴാണ് പരീക്ഷാർഥികളിൽ ആൺകുട്ടിയായി താൻ മാത്രമേയുള്ളൂവെന്ന് വിദ്യാർഥി തിരിച്ചറിയുന്നത്. ഇതോടെ പരിഭ്രമത്തിലായ വിദ്യാർത്ഥി ഹാളിൽ തന്നെ തലകറങ്ങി വീഴുകയായിരുന്നു. സദാർ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

പരീക്ഷാ നടത്തിപ്പിലെ പ്രശ്നമാണിതെന്നും പരീക്ഷാർത്ഥികളായ മറ്റ് ആൺകുട്ടികൾക്ക് ഈ സെന്റർ എന്തുകൊണ്ട് നൽകിയില്ലെന്നുമാണ് വിദ്യാർത്ഥിയുടെ കുടുംബം ചോദിക്കുന്നത്. “മനീഷ് ശങ്കർ പ്രസാദ് പരീക്ഷ എഴുതാനെത്തിയപ്പോഴാണ് താൻ മാത്രമേ ഈ പരീക്ഷാ കേന്ദ്രത്തിൽ ആൺകുട്ടിയായുള്ളൂ എന്ന് മനസിലാക്കിയത്. അതോടെ വിദ്യാർത്ഥിക്ക് പരിഭ്രാന്തിയുണ്ടാവുകയും തലകറങ്ങി വീഴുകയുമായിരുന്നു”. മനീഷിന്റെ ബന്ധു പുഷ്പലത ബീഹാർഷരീഫ് സദർ ആശുപത്രിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഫെബ്രുവരി 1 നാണ് ബീഹാറിൽ ഹയര്‍സെക്കന്‍റഡി ബോർഡ് പരീക്ഷ ആരംഭിച്ചത്. പരീക്ഷക്കായി സംസ്ഥാനത്ത് 1464 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.