അണ്ടര്‍-19 ലോകകപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ

0

അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ 4 വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ അഞ്ചാം കിരീടം ചൂടിയത്. 190 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 47.4 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ഷെയ്ഖ് റഷീദും നിഷാന്ത് സിന്ധുവും ഫിഫ്റ്റി നേടി. രാജ് ബവ (35), ഹർനൂർ സിംഗ് (21) എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ടിനായി ജോഷുവ ബെയ്ഡൻ, ജെയിംസ് സെയിൽസ്, തോമസ് ആസ്പിൻവാൾ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

190 എന്ന വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ഇന്ത്യക്ക് അക്കൗണ്ട് തുറക്കും മുൻപ് തന്നെ അങ്ക്‌ക്രിഷ് രഘുവൻശിയെ നഷ്ടമായെങ്കിലും പക്വതയോടെ ബാറ്റ് വീശിയ മറ്റ് താരങ്ങളാണ് ജയമൊരുക്കിയത്. രണ്ടാം വിക്കറ്റിൽ ഹർനൂർ സിംഗ്-ഷെയ്ഖ് റഷീദ് സഖ്യം രക്ഷാ പ്രവർത്തനം നടത്തി. പക്ഷേ, സ്കോറിംഗ് വളരെ സാവധാനത്തിലായിരുന്നു. ഹർനൂർ പുറത്തായതിനു പിന്നാലെ ക്യാപ്റ്റൻ യാഷ് ധുൽ എത്തി.

സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെയാണ് ഷെയ്ഖ് റഷീദും (50), യാഷ് ധുല്ലും (17) പുറത്തായത്. ഇതോടെ ഇംഗ്ലണ്ട് സാധ്യത മണത്തു. എന്നാൽ, രാജ് ബവ-നിഷാന്ത് സിന്ധു സഖ്യത്തിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. ബവ 35 റൺസെടുത്ത് പുറത്തായപ്പോൾ സിന്ധു (54 പന്തിൽ 50) നോട്ടൗട്ടാണ്. 5 പന്തിൽ രണ്ട് സിക്സർ അടക്കം 13 റൺസെടുത്ത വിക്കറ്റ് കീപ്പർ ദിനേഷ് ബാന ഇന്ത്യൻ ജയം എളുപ്പമാക്കി. സിക്സറടിച്ച് ബാനയാണ് വിജയ റൺ കുറിച്ചത്.