‘മൈനസ് 41 ഡിഗ്രി’: അമേരിക്കന്‍ അതിര്‍ത്തിയില്‍ തണുത്ത് മരിച്ചത് ഇന്ത്യൻ കുടുംബം

1

ന്യൂയോർക്ക് : യുഎസ് – കാനഡ അതിർത്തിക്കു സമീപം കനേഡിയൻ പ്രവിശ്യയായ മാനിട്ടോബയിലെ എമേഴ്സനിൽ 4 പേരടങ്ങിയ ഇന്ത്യൻ കുടുംബം മഞ്ഞിൽപെട്ടു മരിച്ചതിൽ അന്വേഷണം തുടരുന്നു. മുതിർന്ന സ്ത്രീയും പുരുഷനും, കൗമാരപ്രായത്തിലുള്ള ആൺകുട്ടി, ഒരു കൈക്കുഞ്ഞ് എന്നിവരുടെ മൃതദേഹങ്ങളാണു മാനിട്ടോബ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് കണ്ടെടുത്തത്. മൈനസ് 35 ‍ഡിഗ്രി താപനില നിലനിൽക്കുന്നിടത്താണ് അപകടമുണ്ടായത്.

കാനഡയിൽനിന്നു യുഎസിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവരെന്നാണു പൊലീസ് പറയുന്നത്. വലിയ മനുഷ്യക്കടത്തിന്റെ ഭാഗമാണ് ഇവരെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അതിനിടെ, ഗുജറാത്തിൽനിന്നുള്ളവരെന്നു കരുതുന്ന 7 ഇന്ത്യക്കാരെ അനധികൃതമായി യുഎസിൽ എത്തിയതിന് അറസ്റ്റ് ചെയ്തു. അതിർത്തി വഴിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സ്റ്റീവ് ഷാൻഡ് എന്ന യുഎസ് പൗരനെ ഫ്ലോറിഡയിലും അറസ്റ്റ് ചെയ്തു. ഇയാൾക്ക് എമേഴ്സൻ സംഭവവുമായി ബന്ധമുണ്ടെന്നാണു സംശയിക്കുന്നത്.

അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെടുകയും മണിക്കൂറുകളോളം കൊടുംതണുപ്പിൽ കഴിയേണ്ടി വന്നതുമാണു 4 പേരടങ്ങിയ ഇന്ത്യൻ കുടുംബത്തിന്റെ ദാരുണാന്ത്യത്തിലേക്കു നയിച്ചതെന്നാണു കരുതുന്നത്. അതിർത്തിയിൽ കനേഡിയൻ ഭാഗത്താണ് പുരുഷൻ, സ്ത്രീ, കൈക്കുഞ്ഞ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു മാനിട്ടോബ അസി. കമ്മിഷണർ ജെയ്ൻ മക്‌ലാച്ചി പറഞ്ഞു. വേറെയും ആളുകൾ അപകടത്തിൽപ്പെട്ടിരിക്കാം എന്നുള്ള സംശയത്തെതുടർന്നുള്ള തിരച്ചിലിലാണു കൗമാരക്കാരന്റെ മൃതദേഹം മഞ്ഞിൽ‌ പുതഞ്ഞനിലയിൽ കണ്ടെത്തിയത്.