ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ഫുട്‌ബോള്‍ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു

0

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന സുഭാഷ് ഭൗമിക് (73) അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

നേരത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എക്ബാല്‍പുരിലെ നേഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചിരുന്നു. 1970-ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗമായിരുന്നു.

പേരുകേട്ട സ്‌ട്രൈക്കറായിരുന്ന അദ്ദേഹം കൊല്‍ക്കത്ത വമ്പന്‍മാരായിരുന്ന മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ്, സാള്‍ഗോക്കര്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടീമുകള്‍ക്കായിബൂട്ടുകെട്ടിയിട്ടുണ്ട്. 1979-ല്‍ വിരമിച്ച അദ്ദേഹം പിന്നീട് പരിശീലകനെന്ന നിലയിലും പേരെടുത്തു. 2003-ല്‍ ഈസ്റ്റ് ബംഗാളിനെ ആസിയാന്‍ കിരീട നേട്ടത്തിലെത്തിച്ചു. ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.