ആര്‍ക്കു വേണ്ടി ആ 16 വര്‍ഷങ്ങള്‍; ഇനിയൊരിക്കലും ഒരു തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല, രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് ഇറോം ശർമിള

0

ഇറോം ശർമിള, ഒരു കാലത്ത് മണിപ്പൂര്‍ ജനതയുടെ ആവേശം ആയിരുന്നു ആ പേര് .: അസമിലെ പ്രത്യേക സൈനിക സായുധാധികാര നിയമം(അഫ്സപ)റദ്ദാക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷമായി നിരാഹാരമിരുന്ന സമരനായികയായിരുന്നു അവര്‍ കുറച്ചു കാലം മുന്പ് വരെ .

2000 നവംബറിലാണ് മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ശര്‍മ്മിള നിരാഹാരം തുടങ്ങിയത്. ഇംഫാലിന് സമീപം മാലോമില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന 10 പേരെ അസം റൈഫിള്‍സ് വെടിവെച്ചുകൊന്നിരുന്നു.ഇതിനെത്തുടര്‍ന്നാണ് പ്രത്യേക സൈനിക സായുധാധികാര നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മ്മിള നിരാഹാരം തുടങ്ങിയത്. 16 വര്‍ഷമായി മൂക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ട്യൂബിലൂടെയാണ് ഇറോം ശര്‍മ്മിള ഭക്ഷണം കഴിച്ചിരുന്നത് .എല്ലാം ഉപേക്ഷിച്ചു ഒരു ജനതയ്ക്ക് വേണ്ടി പട്ടിണി കിടന്ന അവരുടെ അഭിമാനം എന്നും തലയുയര്‍ത്തി പിടിച്ചാണ് നിന്നിരുന്നത് ,എന്നാല്‍ ഇന്ന് സ്വന്തം ജനത തന്നെ  തോല്‍പ്പിച്ചപ്പോള്‍ ആദ്യമായി ആ തല കുനിഞ്ഞുപോയി  ,താന്‍ ആര്‍ക്കു വേണ്ടി ഈ താഗ്യം സഹിച്ചു എന്നോര്‍ത്തു .ഇതാണ് ജനം എന്ന് ഇന്ന് അവര്‍ക്ക് മനസിലായി കാണും .

തൊണ്ണൂറു വോട്ടാണ് ഇറോം ശര്‍മിളയ്ക്കു ഇന്ന്  കിട്ടിയത്. കെട്ടിവെച്ച കാശു പോലും തിരിച്ചു കിട്ടാത്ത അവസ്ഥ .മറുപുറത്തുണ്ടായിരുന്ന മുഖ്യമന്ത്രി ഇബോബി സിങ്ങ് അഴിമതിക്കാരനെന്ന് വിക്കി ലീക്‌സുകാരെ കൊണ്ടു പോലും പറയിപ്പിച്ച കഥാപാത്രം.എന്നിട്ടും ഷര്‍മിള ജയിച്ചില്ല .അതായത്  നിരാഹാരമിരുന്ന ഇറോം ശര്‍മ്മിളയുടെ വിപണി മൂല്യം നിരാഹാരമവസാനിപ്പിക്കുന്ന ഇറോം ശര്മ്മിളയ്ക്കില്ല എന്നര്‍ഥം .ഷര്‍മിള നൂറില്‍ താഴെ വോട്ടുകളുമായി തോറ്റുമടങ്ങുമ്പോള്‍ കൂടെ പോവുന്നത് ഒരുപാടു വര്‍ഷങ്ങളിലെ താഗ്യം കൂടിയാണ് .തോല്‍വിക്കു ശേഷം നടത്തിയ പ്രസ്താവനയിലും പാഴായിപ്പോയ സമരത്തെക്കുറിച്ച് ഷര്‍മിള പറഞ്ഞില്ല .പക്ഷെ തന്നെ കൈവിട്ട ജനങ്ങളുടെ നടപടിയില്‍ അവര്‍ക്ക് കടുത്ത വേദന ഉണ്ട് .ഇനിയൊരു രാഷ്ട്രീയ ജീവിതം ഇല്ല എന്ന അവരുടെ തീരുമാനത്തിന് കാരണവും അതാകും . 

ഇറോമിന്‍െറ പ്രക്ഷോഭത്തെ ആശുപത്രിക്കു പുറത്ത് ഇക്കഴിഞ്ഞ 16 വര്‍ഷവും ഏകോപിപ്പിച്ച ബബ്ലൂ ലോയിട്ടോഗ്ബാം പുതിയ സംഘടന എന്നേ വഴിപിരിഞ്ഞു നീങ്ങിയിരുന്നു . വ്യാജ ഏറ്റുമുട്ടലുകളില്‍ സൈന്യം വധിച്ച 1500ലേറെ പേരുടെ വിശദാംശങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് ബബ്ലു ഇപ്പോള്‍. ആരും ഇറോം ശര്‍മിളയെ കുറിച്ച് വലിയ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തിയിരുന്നില്ല എന്ന് സാരം .

ഇറോം ശര്‍മിളയെ അവരുടെ അമ്മ ഇറോം സാഖി പോലും അംഗീകരിക്കുന്നില്ല എന്ന് എവിടെയോ വായിച്ചു .അപ്പോള്‍ ആര്‍ക്കു വേണ്ടിയാണ് ഇറോം ശര്‍മിള സമരം ചെയ്തത് , ഒടുവില്‍ സമരം അവസാനിപ്പിച്ചത് ? 16 വര്‍ഷം നീണ്ട ലോകചരിത്രത്തിലെ സമാനതകളില്ലാത്ത സഹനസമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിന്‍െറ നെറികെട്ട സമരവേദിയിലേക്ക് വന്ന ഇറോം തന്റെ പ്രതീക്ഷകളില്‍ തോറ്റുപോയി .പക്ഷെ മണിപ്പൂരിന്‍െറ വിഖ്യാതമായ ആ നിരാഹാര സമരത്തോളം ശക്തമായി ഇനിയൊരു സമരം ആ ജനതയ്ക്ക് കാണാന്‍ കഴിയില്ല ,ഇറോമിനെ പോലെ ആരും അങ്ങനെ ഒരു ത്യാഗം ചെയ്യുകയും ഇല്ല .