ലോകത്തിലെ ഏറ്റവും ചെറിയ രാമായണം, 603 വാക്കിലൊതുക്കി തൃശൂർക്കാരൻ; ഒരു പേജിൽ രണ്ട് വാക്ക് മാത്രം

0

തൃശൂർ: രാമായണ സാരാംശം അഞ്ച് മില്ലിമീറ്റർ നീളവും വീതിയുമുള്ള ‘കുഞ്ഞിരാമായണ’മാക്കി തൃശൂർ പുറനാട്ടുകര സ്വദേശി ആറ്റൂർ സന്തോഷ് കുമാർ. ലോകത്തിലെ ഏറ്റവും ചെറിയ രാമായണമെന്നാണ് അവകാശപ്പെടുന്നത്.24,000 ശ്‌ളോകങ്ങളിലെ സാരാംശത്തെ 603 വാക്കുകളിലേക്ക് സംഗ്രഹിക്കുകയായിരുന്നു.

പുത്രകാമേഷ്ഠി മുതൽ രാമന്റെ ജീവിതാന്ത്യം വരെയാണ് കഥ. ലെൻസ് (മാഗ്‌നിഫയർ) ഉപയോഗിച്ചേ വായിക്കാനാകൂ. തൃശൂരിലെ സ്വന്തം പ്രസിലാണ് അച്ചടിച്ചത്. മൂന്ന് എം.എം അക്ഷര വലിപ്പം വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അഞ്ച് സെന്റിമീറ്റർ നീളവും വീതിയുമുള്ള ഇതേ പുസ്തകത്തിന്റെ കോപ്പിയും നൽകുന്നുണ്ട്.അദ്ധ്യാത്മ, കമ്പ, കണ്ണശ്ശ രാമായണങ്ങൾ വായിച്ചാണ് കൊവിഡ് കാലത്ത് തോന്നിയ ആശയം സാക്ഷാത്കരിച്ചത്. ഭാര്യ: രഞ്ജിത. മക്കൾ: സഞ്ജിത്ത് (എം.ബി.ബി.എസ് വിദ്യാർത്ഥി), ശ്രീശാന്ത് (ഒമ്പതാം ക്‌ളാസ്). രാമായണത്തിലെ ശത്രുഘ്‌നനെക്കുറിച്ച് നോവലെഴുതിയാണ് രചനാലോകത്തേക്ക് കടന്നത്.

ഒരു പേജിൽ രണ്ടോ മൂന്നോ വാക്ക് മാത്രം. അയോദ്ധ്യയിൽ ഉത്സവമായിരുന്നുവെന്നാണ് ആദ്യപേജിൽ. ആനന്ദം നിറഞ്ഞ നിമിഷമെന്ന് രണ്ടാം പേജിൽ. ഇവിടെ പുത്രകാമേഷ്ഠി. ഈ നാടിന്റെ രാജ്ഞിമാർ. ഉത്തമരാം കൗസല്യ, കൈകേയി, ഊർജ്ജസ്വലയാം സുമിത്രയും. ഋഷിയായ യജ്ഞപുരുഷൻ, പത്‌നിമാർക്കെല്ലാം വേദപായസം തുടങ്ങിയ വാക്കുകളിലൂടെയാണ് തുടർന്നുള്ള കഥാസാരം. മൊത്തം 214 പേജ്. സൂക്ഷ്മ സംക്ഷിപ്ത രാമായണമെന്നാണ് പേര്. അമ്പതു രൂപയാണ് വില.

കുട്ടികൾക്ക് വായിക്കാനാകുന്നുണ്ട്. മുതിർന്നവർക്ക് ലെൻസ് വേണം. ലോകത്തിലെ ഏറ്റവും ചെറിയ രാമായണമായിരിക്കുമിത് -ആറ്റൂർ സന്തോഷ് കുമാർ.